കഴിക്കാൻ ഇഷ്ടമുള്ള മീൻ സ്വയം ചൂണ്ടയിട്ട് പിടിക്കാം; വേറിട്ട കൗതുകമൊരുക്കി ജാപ്പനീസ് റെസ്റ്റോറന്റ്

October 30, 2022

വേറിട്ട കൗതുകങ്ങളാണ് ഇപ്പോൾ ഏത് രംഗത്തും മത്സരാധിഷ്ഠിതമായി ഒരുക്കാറുള്ളത്. ഹോട്ടലിന്റെയും റസ്റോറന്റുകളുടെയും കാര്യത്തിലും ഈ മത്സരം കാണാം. ഓരോ പുത്തൻ പരീക്ഷണങ്ങളാണ് ആളുകളെ ആകർഷിക്കാൻ അവർ ഒരുക്കുന്നത്. ഇപ്പോഴിതാ, അത്തരത്തിലൊരു ജാപ്പനീസ് റെസ്റ്റോറന്റ് ശ്രദ്ധനേടുകയാണ്. ഇവിടെ വിശപ്പോടെ പെട്ടെന്ന് വന്നു കഴിച്ചിട്ട് പോകാമെന്ന് കരുതണ്ട. നിങ്ങൾക്ക് ഇഷ്ടമുള്ള മീൻ ഇവിടെ ഒരുക്കിയിരിക്കുന്ന കുളത്തിൽ നിന്നും സ്വയം ചൂണ്ടയിട്ട് പിടിച്ച് കറി വയ്ക്കാൻ നൽകാം.

ജപ്പാനിലെ ഒസാക്കയിലെ സാവോ റെസ്റ്റോറന്റിൽ, ഭക്ഷണം കഴിക്കുന്നവരെ ഇരിപ്പിടത്തിന് സമീപം ഒരുക്കിയിരിക്കുന്ന ഒരു കുളത്തിൽ നിന്ന് മീൻ പിടിക്കാൻ അനുവദിക്കുന്നു. ഭക്ഷണം കഴിക്കാനെത്തിയ ആൾ ഒരു മീൻ പിടിക്കുമ്പോൾ, റെസ്റ്റോറന്റ് നേട്ടം പ്രഖ്യാപിക്കുന്നു. അത് അവിടെ സ്ഥാപിച്ചിട്ടുള്ള ഒരു ഭീമൻ ഫലകത്തിൽ കൊട്ടിയാണ് അറിയിക്കുന്നത്. റസ്റ്റോറന്റ് ജീവനക്കാർ നിങ്ങൾ പിടിച്ച മത്സ്യത്തോടൊപ്പമുള്ള ചിത്രവും ക്ലിക്കുചെയ്‌തതിന് ശേഷം മത്സ്യം ഷെഫിന് നൽകും.

ഉപഭോക്താക്കൾക്ക് വേറിട്ട അനുഭവം ലഭിക്കാൻ ബോട്ടിൽ ഇരിക്കാനും കഴിയും. ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പോസ്റ്റ് ചെയ്ത വിഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഒരു സ്ത്രീയും അവരുടെ കുടുംബവും റെസ്റ്റോറന്റിൽ സ്വയം മത്സ്യം പിടിക്കുന്നതിന്റെ വിഡിയോ ആണിത്. “നിങ്ങൾക്ക് ജപ്പാനിൽ ആരുടെ കൂടെയാണ് മീൻ പിടിക്കാൻ പോകേണ്ടത്?” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ നൽകിയിരിക്കുന്നത്.

Read ALSO: കണ്ടിറങ്ങിയിട്ടും മനസ്സിൽ നിന്ന് പോവാതെ ‘കുമാരി’; ഐശ്വര്യ ലക്ഷ്‌മിയുടെ ഫാന്റസി ഹൊറർ ചിത്രം അമ്പരപ്പിക്കുന്നു

ഭക്ഷണം കഴിക്കാൻ വരുന്ന ആളുതന്നെ മീൻ പിടിച്ചാൽ അതിന് വിലക്കുറവുണ്ട്. ഒരു റെഡ്-സ്നാപ്പർ മത്സ്യത്തിന്റെ സാധാരണ വില 4,180 ജാപ്പനീസ് യെൻ (2,332 രൂപ), എന്നാൽ ഉപഭോക്താവ് പിടിക്കുകയാണെങ്കിൽ, അതിന്റെ വില 1,810 ജാപ്പനീസ് യെൻ (1,010 രൂപ) ആയിരിക്കും.

Story highlights- You can catch your own fish to enjoy a meal