കൂറ്റൻ സ്‌കോർ നേടി ഇന്ത്യ; സൂര്യകുമാറിനും രാഹുലിനും അർധസെഞ്ചുറി

November 6, 2022

സിംബാബ്‌വെയ്ക്കെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്‌ടത്തിൽ 186 റൺസാണ് ഇന്ത്യ അടിച്ചു കൂട്ടിയത്. 61 റൺസ് നേടിയ സൂര്യകുമാർ യാദവിന്റെയും 51 റൺസ് നേടിയ കെ.എൽ രാഹുലിന്റെയും അർധസെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ വലിയ സ്‌കോർ നേടിയത്. സീന്‍ വില്യംസ് ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ പിഴുതു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ ഇപ്പോൾ 7 ഓവറിൽ 4 വിക്കറ്റ് നഷ്‌ടത്തിൽ 32 റൺസ് നേടിയിട്ടുണ്ട്. അർഷ്ദീപ് സിങ്, ഹർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ സിംബാബ്‌വെയുടെ ഓരോ വിക്കറ്റ് വീതം വീഴ്ത്തിയിട്ടുണ്ട്.

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ദിനേഷ് കാർത്തിനു പകരം ഋഷഭ് പന്ത് ടീമിലെത്തി. സിംബാബ്‌വെ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. മിൽട്ടൻ ഷുംബ, ലുക്ക് ജോങ്ങ്വെ എന്നിവർക്ക് പകരം ടോണി മുണ്യോങ്ങ, വെല്ലിങ്ങ്ടൺ മസകാഡ്സ എന്നിവർ ടീമിലെത്തി. കളിയിൽ വിജയിച്ചാൽ ഇന്ത്യ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി സെമി കളിക്കും. ഇംഗ്ലണ്ടാവും സെമിയിൽ ഇന്ത്യയുടെ എതിരാളികൾ. പരാജയപ്പെട്ടാൽ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തുന്ന ഇന്ത്യ സെമിയിൽ ന്യൂസിലൻഡിനെ നേരിടണം.

Read More: 30 അടിക്ക് മറുപടി 40 അടി; മെസിയുടെ കട്ടൗട്ടിന് അരികിലായി നെയ്‌മറുടെ കൂറ്റൻ കട്ടൗട്ട് വച്ച് ബ്രസീൽ ആരാധകർ, രസകരമായ ഒരു ഫാൻ ഫൈറ്റ്

കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഇന്നിറങ്ങിയിരിക്കുന്നത്.

Story Highlights: India huge score against zimbabwe