ലോകകപ്പ് സമാപന ചടങ്ങിൽ താരമാവാൻ ദീപിക പദുക്കോൺ; ട്രോഫി അവതരിപ്പിക്കുന്നത് താരമെന്ന് സൂചന

December 18, 2022

ഇന്ത്യക്കാർക്ക് ഏറെ പ്രിയപ്പെട്ട ലോകകപ്പായിരുന്നു ഖത്തറിലേത്. ഒരു പക്ഷെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ പങ്കെടുത്ത ലോകകപ്പ് ഇതായിരിക്കും. അതിലേറെയും മലയാളികൾ ആയിരുന്നുവെന്നത് മറ്റൊരു യാഥാർഥ്യമാണ്. മലയാള സിനിമ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരും ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനും ഫൈനൽ കാണാനെത്തിയിട്ടുണ്ട്.

ഇപ്പോൾ ഇന്ത്യക്കാർക്ക് ഏറെ അഭിമാനിക്കാനും സന്തോഷിക്കാനും കഴിയുന്ന മറ്റൊരു വാർത്തയാണ് പുറത്തു വരുന്നത്.ലോകകപ്പ് ഫൈനലിന്റെ സമാപന ചടങ്ങിൽ ട്രോഫി അനാച്ഛാദനം ചെയ്യുന്നത് സൂപ്പർ താരം ദീപിക പദുക്കോണാണെന്നാണ് അറിയാൻ കഴിയുന്നത്. താരം ഖത്തറിലേക്ക് പറക്കുന്ന വിവരം മുംബൈ എയർപോർട്ടിൽനിന്നുള്ള വിഡിയോ ട്വീറ്റ് ചെയ്തതിലൂടെയാണ് പുറത്തു വന്നത്.

അതേ സമയം മലയാളികളുടെ പ്രിയ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഫൈനൽ മത്സരം കാണാനുണ്ടാവുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. ഖത്തര്‍ മിനിസ്ട്രിയുടെ അതിഥിയായാണ് മോഹന്‍ലാല്‍ മത്സരം കാണാന്‍ എത്തുന്നത്. ഫുട്ബോളിനോടുള്ള കേരളത്തിന്‍റെ സ്നേഹം അറിയിക്കുന്ന മോഹന്‍ലാലിന്‍റെ ട്രിബ്യൂട്ട് സോംഗ് ഖത്തറില്‍ വച്ച് പുറത്തിറക്കിയിരുന്നു. മലപ്പുറത്തെ സെവന്‍സ് മൈതാനങ്ങളില്‍ നിന്ന് ലോക ഫുട്ബോളിലേക്ക് എത്തുന്ന തരത്തിലായിരുന്നു ഗാനത്തിന്‍റെ ദൃശ്യാഖ്യാനം. ബറോസിലെ മോഹന്‍ലാല്‍ കഥാപാത്രത്തിന്‍റെ ദൃശ്യത്തോടെയാണ് വിഡിയോ സോംഗ് ആരംഭിക്കുന്നതും അവസാനിക്കുന്നതും.

Read More: ജേഴ്‌സിയണിയുന്ന ടീം തോൽക്കും, വ്യത്യസ്‌തമായ പ്രവചനവുമായി ഒരു ആരാധകൻ; ഫൈനലിൽ ഏത് ജേഴ്‌സിയണിയുമെന്ന ആകാംക്ഷയോടെ ഫുട്‌ബോൾ പ്രേമികൾ

നേരത്തെ മികച്ച സ്വീകരണമാണ് പ്രിയ നടൻ മമ്മൂട്ടിക്ക് ഖത്തറിൽ ലഭിച്ചത്. ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കാൻ ലോകം ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഇറങ്ങുമ്പോൾ ഏറ്റവും അർഹതയുള്ള ടീമിന് ലോകകപ്പ് ട്രോഫി ഉയർത്താൻ സാധിക്കട്ടെയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഏറ്റവും കൂടുതല്‍ മലയാളികള്‍ കണ്ട ലോകകപ്പാണ് ഖത്തറിലേതെന്നാണ് വിലയിരുത്തപ്പെടുന്നത്. വാശിയേറിയ ഫൈനൽ പോരാട്ടത്തിന് സാക്ഷിയാകാന്‍ നിരവധി മലയാളികളും ഒരുങ്ങി കഴിഞ്ഞു. കാല്‍പ്പന്ത് കളിയെ ജീവിതത്തോട് ചേര്‍ത്തുപിടിക്കുന്ന മലയാളികള്‍ക്ക് ലോക പോരാട്ടങ്ങള്‍ കാണാന്‍ വലിയ അവസരങ്ങള്‍ ഒരുക്കിയാണ് ഖത്തര്‍ ലോകകപ്പ് 2022 വിടവാങ്ങുന്നത്.

Story Highlights: Deepika padukone to unveil fifa world cup trophy in qatar