ദൈവത്തെ കണ്ടുവെന്ന് രാജമൗലി, ‘നാട്ടു നാട്ടു’ ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ്- ഇതിഹാസങ്ങളുടെ കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങൾ വൈറലാവുന്നു

January 14, 2023

ഇത്തവണത്തെ ഗോൾഡൻ ഗ്ലോബിൽ സ്‌റ്റീവൻ സ്‌പിൽബര്‍ഗിന്റെ ദ ഫേബിള്‍മാന്‍സും രാജമൗലിയുടെ ആർആർആറും അംഗീകരിക്കപ്പെട്ടിരുന്നു. സ്‌റ്റീവൻ സ്‌പിൽബര്‍ഗ് മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനം ഏറ്റവും മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം സ്വന്തമാക്കി. ഡ്രാമ വിഭാഗത്തിൽ മികച്ച ചിത്രമായും ‘ദ ഫേബിള്‍മാന്‍സ്’ അംഗീകരിക്കപ്പെട്ടു.

ഇപ്പോൾ സ്‌പിൽബര്‍ഗും രാജമൗലിയും തമ്മിലുള്ള ഒരു കൂടിക്കാഴ്ച്ചയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. ഗോൾഡൻ ഗ്ലോബ് പുരസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കവെയാണ് അദ്ദേഹം സ്‌പിൽബര്‍ഗിനെ കണ്ടു മുട്ടിയത്. “ഞാൻ ദൈവത്തെ കണ്ടുമുട്ടി” എന്ന് കുറിച്ച് കൊണ്ടാണ് രാജമൗലി സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തത്‌.

ഗോൾഡൻ ഗ്ലോബ് നേടിയ എം.എം കീരവാണിയും സ്‌പിൽബര്‍ഗിനൊപ്പമുള്ള ചിത്രങ്ങൾ ട്വീറ്റ് ചെയ്‌തിട്ടുണ്ട്‌. സിനിമകളുടെ ദൈവത്തെ കാണാനുള്ള ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിന്റെ ചിത്രങ്ങൾ എത്രത്തോളം ഇഷ്ടമാണെന്ന് പറഞ്ഞുവെന്നുമാണ് കീരവാണി കുറിച്ചത്. “നാട്ടു നാട്ടു” ഗാനം അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമായെന്ന് സ്‌പിൽബര്‍ഗ് പറഞ്ഞത് വിശ്വസിക്കാനായില്ലെന്നും കീരവാണി കൂട്ടിച്ചേർത്തു.

Read More: ‘അവിശ്വസനീയമായ നേട്ടം’: ഗോൾഡൻ ഗ്ലോബ് വിജയത്തിന് ‘ആർആർആർ’ ടീമിന് എആർ റഹ്മാന്റെ അഭിനന്ദനം

അതേ സമയം സ്വന്തം ബാല്യ-കൗമാരകാല ജീവിതത്തെ ആസ്‌പദമാക്കിയാണ് സ്‌പിൽബര്‍ഗ് ‘ദ ഫേബിള്‍മാന്‍സ്’ ഒരുക്കിയത്. വളരെ മികച്ച പ്രതികരണമാണ് റിലീസ് ചെയ്‌തപ്പോൾ മുതൽ ചിത്രം നേടിയത്. സിനിമ എന്ന കലാരൂപത്തിനുള്ള ഒരു സമർപ്പണം കൂടിയായിരുന്നു ‘ദ ഫേബിള്‍മാന്‍സ്.’ സെപ്റ്റംബർ 22 ന് ടൊറോന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ചിത്രത്തിന്‍റെ യുഎസ് റിലീസ് നവംബര്‍ 11 ന് ആയിരുന്നു. ഫെബ്രുവരി 10 ന് ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുമെന്നാണ് അറിയാൻ കഴിയുന്നത്. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച സംവിധായകരിലൊരാളായ സ്‌പിൽബര്‍ഗിനെ തേടി വർഷങ്ങൾക്ക് ശേഷമാണ് അർഹിക്കുന്ന മറ്റൊരു അംഗീകാരം ഇപ്പോൾ ഗോൾഡൻ ഗ്ലോബിലൂടെ എത്തിയിരിക്കുന്നത്.

Story Highlights: Rajamouli meets steven spielberg