വിജയ് ചിത്രം ‘വാരിസ്’ കേരളത്തിൽ 400 ൽ അധികം തിയേറ്ററുകളിൽ; ആദ്യ ഷോ പുലർച്ചെ 4 മണിക്ക്

January 10, 2023

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം വാരിസിന് കേരളത്തിൽ വൻ വരവേൽപ് ആണ് ലഭിച്ചിരിക്കുന്നത്. ചിത്രം 400 ൽ അധികം സ്ക്രീനുകളിൽ ആണ് പ്രദർശനത്തിന് എത്തുന്നത്. ആദ്യ ദിനം എല്ലാ ഷോകളും ഹൗസ്ഫുൾ ആയികഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് നടനാണ് വിജയ്. ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്.

ചിത്രം ഒരു മാസ് ഫാമിലി എന്റർടെയ്നർ ആണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. വളർത്തച്ഛന്റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയാകുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് വിജയ് സിനിമയിൽ അവതരിപ്പിക്കുന്നത്. ശരത് കുമാറാണ് നടന്റെ അച്ഛനായി എത്തുന്നത്.

Read More: ശകുന്തളയായി സാമന്ത, ഒപ്പം അല്ലു അർജുന്റെ മകളും- ‘ശാകുന്തളം’ ട്രെയ്‌ലർ

ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയിൽ ഒരു പ്രധാന കഥാപാത്രമായി എസ്.ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സൂര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വാരിസ്. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൊങ്കല്‍ റിലീസായി തമിഴിലും തെലുങ്കിലുമായി കേരളത്തിൽ ചിത്രം ജനുവരി 11 ന് പ്രദര്‍ശനത്തിന് എത്തും. ഹരിപിക്ചേഴ്സ്, ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്സ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നത്.

Story Highlights: Varisu releasing tomorrow