ഇനി ഷഹാന ഒറ്റയ്ക്ക്; പ്രണവ് യാത്രയായി

February 17, 2023

വാഹനാപകടത്തെ തുടർന്ന് ശരീരം തളർന്ന തൃശ്ശൂർ സ്വദേശി പ്രണവ് അന്തരിച്ചു. 31 വയസായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായിരുന്നു പ്രണവും ഭാര്യ ഷഹാനയും. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിത്സയ്‌ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

പ്രണവിനെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് ജീവിതത്തിലേക്ക് എത്തുകയായിരുന്നു ഷഹാന. ഫ്‌ളവേഴ്‌സ് ഒരു കോടി വേദിയിൽ ഷഹാനയും പ്രണവും ഇവരുടെ പ്രണയകഥ പങ്കുവെച്ചിരുന്നു. ഇനി ഷഹാനയുടെ കൈപിടിക്കാൻ പ്രണവ് ഇല്ലെന്ന നൊമ്പരം മലയാളികളെ ഒന്നടങ്കമാണ് ദുഖത്തിലാഴ്ത്തുന്നത്.

സുഹൃത്തിനൊപ്പം വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് പ്രണവിനെത്തേടി ആ വലിയ അപകടം ഉണ്ടായത്. സുഹൃത്തിന്റെ പിന്നിൽ ബൈക്കിൽ ഇരിക്കുകയായിരുന്നു പ്രണവ്, പെട്ടന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് ബൈക്ക് മതിലിൽ ഇടിക്കുകയും അവിടെ നിന്നും തെറിച്ച് അടുത്തുണ്ടായിരുന്ന തെങ്ങിൽ ഇടിച്ച് വീഴുകയും ചെയ്ത പ്രണവ് ഇപ്പോൾ വർഷങ്ങളായി വീൽചെയറിലാണ്. വീൽ ചെയറിലായ പ്രണവിന് പിന്നീട് നഷ്ടങ്ങളുടെ കാലമായിരുന്നു.

വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പെൺകുട്ടിയ്ക്ക് ഈ അവസ്ഥയിലായ പ്രണവിനെ ഉപേക്ഷിച്ച് പോകേണ്ടിവന്നു. ഈ വേദനകളിലും മനസ് തളരാതിരുന്ന പ്രണവ് സുഹൃത്തുക്കളുടെ സഹായത്തോടെ ഇഷ്ടമുള്ളയിടങ്ങളിലെല്ലാം പോയി. ഒരിക്കൽ നാട്ടിലെ ഉത്സവപ്പറമ്പിൽ ചെണ്ടമേളത്തിന് നടുവിൽ തന്റെ വീൽ ചെയറിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചതോടെ പ്രണവിനെതേടി നിരവധിപ്പേരും എത്തി.

Read Also: കണ്ടെയ്നറിന് മുകളിൽ ‘ചൽ ചയ്യ ചയ്യ..’ ചുവടുകളുമായി നോർവീജിയൻ നർത്തകർ- വിഡിയോ

അക്കൂട്ടത്തിൽ ഒരാളായിരുന്നു ഷഹാന എന്ന പെൺകുട്ടിയും, എന്നാൽ ഷഹാനയ്ക്ക് പ്രണവിനോടുണ്ടായിരുന്നത് അനുകമ്പയായിരുന്നില്ല, മറിച്ച് യഥാർത്ഥ പ്രണയമായിരുന്നു. തന്റെ ഇഷ്ടം പ്രണവിനെ അറിയിച്ചതോടെ ഈ ബന്ധം ഒരിക്കലും ശരിയാവില്ല എന്ന് പറഞ്ഞ് പ്രണവ് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങളായി. എന്നാൽ ഇതിലൊന്നും തളരാതിരുന്ന ഷഹാന, പ്രണവ് ഈ ബന്ധത്തിന് സമ്മതിക്കുന്നത് വരെ തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. അവസാനം കുടുംബക്കാർ ഇടപെട്ടപ്പോഴും ഇതിൽ നിന്നും പിന്തിരിയാൻ ഷഹാന തയാറായിരുന്നില്ല. പിന്നീട് സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഷഹാന പ്രണവിനൊപ്പം തന്റെ ജീവിതം ആരംഭിക്കുകയായിരുന്നു. 2022 മാർച്ച് 3നായിരുന്നു ഇവരുടെ വിവാഹം.

Story highlights- influencer pranav passed away