സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ്; കേരളത്തിന്റെ രണ്ടാം മത്സരം നാളെ ഉച്ചയ്ക്ക് 2.30 ന്, സംപ്രേഷണം ഫ്‌ളവേഴ്‌സ് ടിവിയിലൂടെ

February 25, 2023
Unni mukundan in ccl

സിനിമ താരങ്ങളുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ നാളെ രണ്ടാമത്തെ മത്സരത്തിനിറങ്ങുകയാണ് മലയാള സിനിമ താരങ്ങളുടെ ടീമായ സീ ത്രീ കേരള സ്‌ട്രൈക്കേഴ്സ്. കർണാടക ബുൾഡോസേഴ്സാണ് കേരളത്തിന്റെ എതിരാളികൾ. നാളെ ഉച്ചയ്ക്ക് 2.30 നാണ് മത്സരം. മലയാളികളുടെ പ്രിയപ്പെട്ട ചാനലായ ഫ്‌ളവേഴ്‌സ് ടിവിയിലൂടെയാണ് മത്സരം സംപ്രേഷണം ചെയ്യുന്നത്. (Kerala strikers second match in ccl)

കുഞ്ചാക്കോ ബോബനാണ് കേരളത്തിന്റെ നായകൻ. ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്‌മാൻ, വിവേക് ഗോപൻ, സൈജു കുറുപ്പ്. വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ആന്റണി വർഗീസ്, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് കുഞ്ചാക്കോ ബോബൻ നയിക്കുന്ന സ്‌ട്രൈക്കേഴ്സിലെ താരങ്ങൾ.

അതേ സമയം തോൽവിയോടെയാണ് C3 കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ തുടങ്ങിയത്. 64 റൺസിന്റെ കനത്ത പരാജയമാണ് കേരളം തെലുഗു വാരിയേഴ്‌സിനോട് ഏറ്റുവാങ്ങിയത്. രാജീവ് പിള്ള ഒഴികെ ആർക്കും മികച്ച സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ല. അതേ സമയം രണ്ട് ഇന്നിങ്‌സുകളിലും അർധ സെഞ്ചുറി നേടിയ തെലുങ്ക് നായകൻ അഖിൽ അക്കിനേനിയുടെ തകർപ്പൻ പ്രകടനമാണ് ടീമിന് മികച്ച വിജയം സമ്മാനിച്ചത്. കുഞ്ചാക്കോ ബോബന്റെ അസാന്നിധ്യത്തിൽ ഉണ്ണി മുകുന്ദനായിരുന്നു ടീമിന്റെ നായകൻ.

Read More: ടെസ്റ്റല്ല, ടി 20 തന്നെ; സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ നിയമങ്ങൾ ഇങ്ങനെ

ലീഗിൽ ആകെ 19 മത്സരങ്ങളാണുള്ളത്. മാർച്ച് 19 ന് ഹൈദരാബാദിൽ വെച്ചാണ് ഫൈനൽ. സ്‌ട്രൈക്കേഴ്‌സിന് പുറമെ ബംഗാൾ ടൈഗേഴ്സ്, മുംബൈ ഹീറോസ്, പഞ്ചാബ് ദേ ഷേർ, കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ്, തെലുഗു വാരിയേഴ്സ്,ചെന്നൈ റൈനോസ് എന്നീ ടീമുകളാണ് സിസിഎല്ലിൽ അണിനിരന്നിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ സിനിമ താരങ്ങൾ വീണ്ടും ക്രിക്കറ്റിനായി മൈതാനത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കൊവിഡ് കാരണം 2020 മുതൽ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് നടന്നിരുന്നില്ല.

Story Highlights: Kerala strikers second match in ccl tomorrow