ചില്ലുപാളികൾ കൊണ്ടൊരു ബീച്ച് ; വ്യത്യസ്താനുഭവമായി കാലിഫോർണിയയിലെ ഗ്ലാസ് ബീച്ച്

സഞ്ചാരികളെ നിറമുള്ള കാഴ്ചകൊണ്ട് വിസ്മയിപ്പിക്കുകയാണ് ഒരു ബീച്ച്. ഗ്ലാസ്സുകൾ നിറഞ്ഞ ഒരു കടൽത്തീരം സങ്കല്പിക്കാനാകുമോ ? എന്നാൽ അത്തരമൊരു കടൽത്തീരം ഈ ഭൂമിയിലുണ്ട്. കാലിഫോർണിയയിലെ ഒരു കടൽത്തീരം ആണ് ഇത്തരമൊരു അത്ഭുത കാഴ്ച നമുക്ക് കാട്ടിത്തരുന്നത്. കാലിഫോർണിയയിലെ ഫോർട്ട് ബ്രാഗിനടുത്തുള്ള മക്കെറിഷർ സ്റ്റേറ്റ് പാർക്കിനോട് ചേർന്നുള്ള ഒരു ബീച്ചാണ് ഗ്ലാസ് ബീച്ച്.
പട്ടണത്തിന്റെ വടക്കൻ ഭാഗത്തെ തീരപ്രദേശത്തുനിന്നും നിരവധി വർഷങ്ങളായി വലിച്ചെറിയുന്ന മാലിന്യങ്ങളിൽ നിന്നുമാണ് ഈ ഗ്ലാസ്സുകൾ രൂപപ്പെടുന്നത്. അത്തരം സീ ഗ്ലാസ് കൊണ്ട് സമൃദ്ധമായതുകൊണ്ടാണ് ബീച്ചിനു ഈ പേര് ലഭിച്ചത്. നിരവധി വിനോദസഞ്ചാരികളാണ് പ്രതിവർഷം ഗ്ലാസ് ബീച്ചിന്റെ ഭംഗി ആസ്വദിക്കാൻ കാലിഫോർണിയയിലെത്തി ചേരുന്നത്. വേനൽക്കാലങ്ങളിലാണ് ഇവിടെ സഞ്ചാരികൾ അധികമായി കാണപ്പെടുന്നത്. ഇവിടെ നിന്നും ഗ്ലാസ് ശേഖരിക്കുന്നത് നിയമവിരുദ്ധമാണ്. 50 മുതൽ 100 വർഷം വരെ കൊണ്ടാണ് സീ ഗ്ലാസ്സുകൾ രൂപം കൊണ്ടതെന്ന് കരുതപ്പെടുന്നു.
ഹൈബ്രിഡ് മെൻസീസ് വാൾഫ്ലവർ ഉൾപ്പെടെ വംശനാശ ഭീഷണി നേരിടുന്നതും സംരക്ഷിതവുമായ നിരവധി നാടൻ സസ്യങ്ങൾ ഈ ബീച്ചിൽ കാണപ്പെടുന്നു. കാലിഫോർണിയയിലെ ബെനിഷ്യയിലും ഹവായിയിലെ എലീലയിലും സമാനമായ ബീച്ചുകൾ കാണപ്പെടുന്നു.
Story highlights- glass beach