ഹീൽസ് ഇടരുത്, പ്രാവിന് തീറ്റ നൽകരുത്, ഹോണടിക്കരുത്; വിചിത്രമായ നിയമങ്ങൾ പിന്തുടരുന്ന രാജ്യങ്ങൾ

June 22, 2023

യാത്രകളെ പ്രണയിക്കുന്നവരാണ് അധികവും. ലോകമെമ്പാടും യാത്ര ചെയ്തവർ പങ്കുവയ്ക്കുന്ന അനുഭവങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട യാത്രയ്ക്കിറങ്ങുന്നവരാണ് പലരും. എല്ലാ നാടും വിഭിന്നമാണെന്നതുപോലെ അവിടുത്തെ രീതികളും പലതാണ്. എന്നാൽ, വളരെ കൗതുകകരവും വിചിത്രവുമായ വിശ്വാസങ്ങളും രീതികളും പിന്തുടരുന്ന നിരവധി രാജ്യങ്ങളുണ്ട്. അത്തരത്തിലുള്ള രസകരവും കൗതുകകരവുമായ ചില നാടുകൾ പരിചയപ്പെടാം.

ബുദ്ധമത ചിത്രങ്ങളോട് മോശമായി പെരുമാറുന്നത് ഗുരുതരമായ കുറ്റമായാണ് ശ്രീലങ്ക കാണുന്നത്. ബുദ്ധന്റെ ടാറ്റൂകൾ നിങ്ങളെ ഈ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് തടയും. അല്ലെങ്കിൽ ബുദ്ധ പ്രതിമകൾക്ക് മുന്നിൽ ഫോട്ടോഗ്രാഫുകൾക്ക് പോസ് ചെയ്യുന്നതും സെൽഫി പകർത്തുന്നതുമൊക്കെ ശ്രീലങ്കയിൽ നാടുകടത്തൽ വരെ നടത്തിയേക്കാവുന്ന കുറ്റകൃത്യമാണ്. അതിനാൽ, ബുദ്ധപ്രതിമകളോട് അങ്ങേയറ്റം ആദരവ് ഈ നാട്ടിൽ ആവശ്യമാണ്.

ആണയിടുക, അസഭ്യം പറയുക, പരുഷമായ ആംഗ്യങ്ങൾ കാണിക്കുന്നതും ഉൾപ്പെടുന്ന പ്രവൃത്തികൾ യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ നിയമത്തിന് വിരുദ്ധമാണ്. കുറ്റവാളികൾക്ക് ജയിൽ ശിക്ഷയോ നാടുകടത്തലോ നേരിടേണ്ടിവരും.

ന്യൂയോർക്ക് സിറ്റിയിൽ ഹോൺ മുഴക്കുന്നത് നിയമവിരുദ്ധമാണ്. അങ്ങനെ ചെയ്താൽ, നിങ്ങൾക്ക് 350 ഡോളർ പിഴ അടയ്‌ക്കേണ്ടിവരും. ഇന്ത്യക്കാർക്ക് പിന്തുടരാൻ ബുദ്ധിമുട്ടുള്ള അസാധാരണ നിയമങ്ങളിൽ ഒന്നാണിത് എന്നത് പ്രത്യേകം പറയേണ്ടല്ലോ.

സ്വിറ്റ്‌സർലൻഡിൽ, പല അപ്പാർട്ട്‌മെന്റ് ബ്ലോക്കുകളിലും രാത്രി 10 മണിക്ക് ശേഷം ടോയ്‌ലറ്റ് ഫ്ലഷ് ചെയ്യുന്നത് ശബ്ദമലിനീകരണമായി കണക്കാക്കപ്പെടുന്നു. ഇത് ഒരു ക്രിമിനൽ പ്രവൃത്തിയല്ലെങ്കിലും, അയൽവാസികൾക്ക് ഇത് പരുഷമായി തോന്നുന്ന ഒന്നാണ്.

തായ്ലാൻഡിൽ ചെന്നാൽ അവിടുത്തെ കറൻസിയിൽ രാജ്യത്തിന്റെ ബഹുമാന്യനായ രാജാവിന്റെ ചിത്രങ്ങളുണ്ട്. അതിനാൽ കറൻസിയിൽ ചവിട്ടുന്നത് അദ്ദേഹത്തിന്റെ മുഖത്ത് ചവിട്ടുന്നതിന് തുല്യമാണ്. ഇതിനെ ഇവിടെ ക്രിമിനൽ നടപടിയായാണ് കണക്കാക്കുന്നത്.

സ്കാൻഡിനേവിയയിൽ ചെന്നാൽ അവിടുത്തെ നിയമമനുസരിച്ച്, എല്ലാ ഡ്രൈവർമാരും അവരുടെ ഹെഡ്ലൈറ്റുകൾ എല്ലായ്പ്പോഴും ഓണാക്കിയിരിക്കണം. പകൽ സമയങ്ങളിൽ പോലും, കാറുകളുടെ ഹെഡ്‌ലൈറ്റ് ഡിം ചെയ്യപ്പെട്ട നിലയിൽ ഓണായിരിക്കും.

അക്രോപോളിസ് പോലുള്ള ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളുള്ള, നടപ്പാതകളുള്ള ഇടമാണ് ഗ്രീസ്. ഈ സ്മാരകങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് തടയാൻ സ്ത്രീകളെ ഉയർന്ന ഹീൽസ് ധരിക്കാൻ ഇവിടെ അനുവദിക്കുന്നില്ല. റോമിലെ കൊളോസിയവും ഈ നിയമം നടപ്പിലാക്കാൻ പദ്ധതിയിടുന്നുണ്ട്.

വെനീസിലെ സെന്റ് മാർക്‌സ് സ്ക്വയറിൽ പ്രാവിന് ഭക്ഷണം നൽകിയാൽ പിഴ ഈടാക്കും. പ്രാവുകളുടെ എണ്ണവും അവ ചരിത്രപരമായ കെട്ടിടങ്ങൾക്ക് വരുത്തുന്ന നാശനഷ്ടങ്ങളും കുറയ്ക്കുന്നതിനാണ് ഇങ്ങനെയൊരു നിയമം. സാൻ ഫ്രാന്സിസ്കോയിലും ഇങ്ങനെയാണ് നിയമം.

സിംഗപ്പൂരിൽ, ച്യൂയിംഗം ചവയ്ക്കുന്നത് ക്രിമിനൽ കുറ്റമാണ്. നോൺ-മെഡിക്കൽ ച്യൂയിംഗ് ഗം അല്ലെങ്കിൽ ച്യൂയിംഗ് ഗം വിൽക്കുന്നത് $1000 പിഴയായി ഈടാക്കും. അവ മെഡിക്കൽ ആവശ്യങ്ങളോടെയാണെങ്കിൽ ബാധകമല്ല.

Read Also: കാഴ്ചനഷ്ടമാകുന്ന മൃഗങ്ങളും, കാലുകളിൽ വൃണങ്ങളോടെ മനുഷ്യരും; ഉറുമ്പുകളെ ഭയന്ന് ഒരു ഗ്രാമം

വിക്സ് ഇൻഹേലറുകൾ അല്ലെങ്കിൽ വേദനസംഹാരികൾ പോലുള്ള കോഡിൻ അടങ്ങിയ ചില മരുന്നുകളുടെ ഉപയോഗം അല്ലെങ്കിൽ കൈവശം വയ്ക്കുന്നത് ജപ്പാനിൽ നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ചാൽ തടവും നാടുകടത്തലും നേരിടേണ്ടിവരും.

Story highlights- weirdest travel rules