റെയ്ബാൻ വെച്ച് തോൾ ചെരിച്ച് മലയാളത്തിന്റെ വാനമ്പാടി തകർത്താടിയപ്പോൾ; വൈറലായി വീഡിയോ

August 31, 2023

സംഗീതം ഒരു അനുഗ്രഹമാണ്. ഇത്രയും മനസിനെ പിടിച്ചുലയ്ക്കാൻ സാധിക്കുന്ന മറ്റെന്തുണ്ട് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. ചില ഗാനങ്ങൾക്ക് നമ്മുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനമാണ്. അതുപോലെയാണ് ചില ഗായകരും. മനോഹരമായ സ്വര മാധുര്യം കൊണ്ട് ജനമനസ്സുകളെ കീഴടക്കിയ മലയാളത്തിന്റെ വാനമ്പാടിയാണ് കെ.എസ് ചിത്ര. ആ പാട്ടുകളും സൗമ്യ സാന്നിധ്യവും നിറചിരിയും മലയാളിയുടെ ജീവിതത്തെ എത്രകണ്ട് മനോഹരമാക്കിയെന്ന് പറയാനാകില്ല.

ഒരു പക്ഷെ ഹേറ്റേഴ്‌സ് ഇല്ലാത്ത വളരെ ചുരുക്കം ആളുകളിൽ ഒരാൾ. കഴിഞ്ഞ 40 വർഷത്തിലേറെയായി തന്റെ പാട്ടുകൾ കൊണ്ട് സംഗീതപ്രേമികളുടെ മനസ് കീഴടക്കിയാണ് ചിത്ര മുന്നേറുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് ഒരു റിയാലിറ്റി ഷോയിൽ ചിത്ര പാടിയ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്നു തുടങ്ങുന്ന ഗാനമാണ്.

read Also: മുളയിൽ തീർത്ത പ്രകൃതിദത്ത പൈപ്പ്; നാഗാലാ‌ൻഡ് ജനതയുടെ വേറിട്ട ഐഡിയ!

സ്റ്റേജിൽ റെയ്ബാൻ വെച്ച് തോൾ ചെരിച്ച് മലയാളത്തിന്റെ വാനമ്പാടി തകർത്താടിയപ്പോൾ കയ്യടികളോടെയാണ് പ്രേക്ഷകർ അതിനെ ഏറ്റെടുത്തത്. വിധു പ്രതാപിനും സിതാര കൃഷ്ണകുമാറിനുമൊപ്പമാണ് ചിത്ര ഈ ഗാനമാലപിച്ചത്. വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

1979-ല്‍ എം.ജി രാധാകൃഷ്ണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച ‘അട്ടഹാസം’ എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള പിന്നണി ഗാനരംഗത്ത് ചിത്ര അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, അസമീസ് തുടങ്ങി വിവിധ ഭാഷകളിലായി 15,000ലേറെ ഗാനങ്ങള്‍ പാടിയ ചിത്ര 15 സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. അതുപോലെ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക, ഒറീസ സര്‍ക്കാരിന്റെയും പുരസ്‌കാരങ്ങള്‍ ചിത്ര നേടി. 2005ല്‍ പത്മശ്രീ പുരസ്‌കാരവും മലയാളത്തിന്റെ ഈ വാനമ്പാടിയെത്തേടിയെത്തി.

Story Highlights: K S Chithra singing ezhimala poonchola