ആംഗ്യഭാഷയിൽ മാത്രം സംസാരിക്കുന്നൊരു ദ്വീപ്; കൗതുകമായി ബാലി ദ്വീപിലെ ബെങ്കാല ഗ്രാമം

ബാലി സന്ദർശിക്കുന്ന ആളുകൾ മിക്കപ്പോഴും ആശ്രയിക്കുന്നത് ഇംഗ്ലീഷ് ഭാഷയെയാണ്. ഔദ്യോഗിക ഭാഷയായ ഇൻഡൊനീഷ്യൻ സംസാരിക്കുന്ന സന്ദർശകർ കുറവാണ്. പ്രാദേശികർക്ക് കൂടി മനസ്സിലാവുന്ന ഭാഷ എന്ന രീതിയിലാണ് ഇംഗ്ലീഷ് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ പ്രാദേശികർക്ക് പോലും അപരിചിതമായ ഒരു ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം ആളുകൾ ബാലിയിലുണ്ട്. ബാലി ദ്വീപിലെ ബെങ്കാല ഗ്രാമത്തിൽ ജീവിക്കുന്ന ആളുകളാണ് ‘കട്ട കൊലോക്’ എന്ന ആംഗ്യഭാഷയിലൂടെ ആശയവിനിമയം നടത്തുന്നത്.
ജനസംഖ്യയിലെ വലിയ ശതമാനം ആളുകളും ബധിരരായ ഗ്രാമത്തിൽ, തലമുറകളായി ആംഗ്യഭാഷയിലൂടെ തന്നെയാണ് ആളുകൾ സംസാരിക്കുന്നത്. നാല്പത്തിരണ്ടോളം ആളുകൾ ജന്മനാ ബധിരരാണ്. 50 പേരിലൊരാൾ ബധിരരോ മൂകരോ ആയി ജനിക്കുന്ന ഗ്രാമം ബാലി ദ്വീപിൽ നിന്ന് 3 മണിക്കൂർ ദൂരെയാണുള്ളത്. ഒരു പ്രാദേശിക ആംഗ്യഭാഷയായ ‘കട്ട കൊലോക്’ മറ്റ് ആംഗ്യഭാഷകളിൽ നിന്ന് വ്യത്യസ്തമാണ്. വളരെ സമർത്ഥമായി വിരലുകൾ ചലിപ്പിച്ചും മുഖഭാവത്തിലൂടെയുമാണ് ആളുകൾ പരസ്പരം ആശയങ്ങൾ കൈമാറുന്നത്. സംസാരശേഷിയുള്ളവർക്കും ഈ ആംഗ്യഭാഷയിലൂടെ ആശയം പങ്കുവയ്ക്കാനുള്ള പരിശീലനം ലഭിച്ചിട്ടുണ്ട്.
എന്തുകൊണ്ടാണ് ഇത്രയും ആളുകൾ ബധിരരായി ജനിക്കുന്നുവെന്നതിനെപ്പറ്റി കൗതുകകരമായ പല കഥകളും ബെങ്കാലയിൽ പ്രചാരത്തിലുണ്ട്. അതിമാനുഷിക ശക്തികളുണ്ടായിരുന്ന 2 മന്ത്രവാദികൾ തമ്മിൽ പോരാടുകയും അന്യോന്യം ബധിരരായി മാറട്ടെയെന്ന് ശപിക്കുകയും ചെയ്തതിന്റെ ഫലമായാണ് ആളുകൾ ബധിരരായി ജനിക്കുന്നതെന്നാണ് അതിലൊരു കഥയെന്ന് ബെങ്കാലയുടെ മേയർ കൂടിയായ ഇടാ മർദാന പറയുന്നു. വർഷങ്ങളായി ഈ കഥകളാണ് ഗ്രാമത്തിലെ ജനങ്ങൾ വിശ്വസിച്ചിരുന്നത്. പക്ഷെ ജനിതകപ്രശ്നങ്ങളാണ് ഇതിന് കാരണമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
Read also: “രോഗികളുടെ എണ്ണം ഉയര്‍ന്ന നിരക്കില്‍”; ഡെങ്കിപ്പേടിയില്‍ കേരളം!!
കൃഷിയാണ് ബെങ്കാല ദ്വീപിലെ പ്രധാന വരുമാനമാർഗം. ബെങ്കാലയിലെ ഈ കൗതുകമറിയാനും ഗവേഷണത്തിനുമായൊക്കെ നിരവധി ആളുകളാണ് ഗ്രാമത്തിലേക്കെത്തുന്നത്. ആംഗ്യഭാഷയറിയാത്ത ഒരാൾക്കും മനസ്സിലാവുന്നയത്ര ലളിതമാണ് ‘കട്ട കൊലോക്.’
Story Highlights- Deaf village in Bali