ആഴങ്ങളിൽ ഒളിച്ചിരിക്കുന്ന ആയിരക്കണക്കിന് വർഷം പഴക്കമുള്ള മനുഷ്യനിർമിത സ്തൂപം; ഗവേഷകരെ അമ്പരപ്പിച്ച് ഒരു തടാകം

October 20, 2023

ഒട്ടേറെ രഹസ്യങ്ങളുടെ കലവറയാണ് കടലും കായലും തടാകങ്ങളുമൊക്കെ. ആഴങ്ങളിൽ അവ ഒളിപ്പിക്കുന്ന കൗതുകങ്ങൾ ചെറുതല്ല. ഭീമൻ കപ്പലുകൾ മുതൽ സാമ്രാജ്യങ്ങൾ പോലും നിഗൂഢമായി നിലനിൽക്കുന്നത് പല ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഇസ്രയേൽ തടാകത്തിലും അങ്ങനെയൊരു മനോഹരവും അമ്പരപ്പിക്കുന്നതുമായ ഒരു കൗതുകം ഗവേഷകർക്ക് മുന്നിൽ ഉത്തരമില്ലാതെ നിലനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

ശബ്ദതരംഗങ്ങളിലൂടെയാണ് ആഴങ്ങളെക്കുറിച്ച് ഗവേഷകർ പഠിക്കുന്നത്. ആഴമളക്കാനായി നടത്തുന്ന ഈ രീതിക്ക് സോണാർ സർവ്വേ എന്നാണ് പറയുന്നത്. ഇസ്രയേലിലെ സീ ഓഫ് ഗലീലി എന്ന തടാകത്തിൽ സോണാർ സർവ്വേ ഉപയോഗിച്ച് ആഴമളക്കുന്ന സമയത്ത് അസാധാരണമായ ഒരു കാഴ്ച ഗവേഷകർ കാണുന്നത്. തടാകത്തിന്റെ അടിത്തട്ടിൽ വൃത്താകൃതിയിൽ എന്തോ ഒന്ന്..

സാധാരണ കപ്പലുകളും അവശിഷ്ടങ്ങളുമൊക്കെ കണ്ടെത്താനും ഈ രീതിയാണ് ഉപയോഗിക്കുന്നത്. അങ്ങനെന്തെങ്കിലുമാണോ എന്നറിയാനായി സ്കൂബാ വിദഗ്ധരെ ഗവേഷകർ ആഴത്തിലേയ്ക്ക് അയച്ചു. സോണാർ സർവ്വേയിൽ കണ്ടത് ഒരു ഭീമൻ സ്തൂപമായിരുന്നു. വളരെ മിനുസമുള്ള ബസാൾട്ട് ശിലാ ഉപയോഗിച്ച് ഭംഗിയായി നിരനിരയായി അടുക്കി വെച്ചിരിക്കുന്ന സ്തൂപം. മാത്രമല്ല, മനുഷ്യനിർമിതവുമാണ്.

പിരമിഡ് ആകൃതിയിൽ അടിയിൽ വിസ്താരം കൂടി മുകളിലേക്ക് കോണായി കാണപ്പെട്ട ശിലകൾ കൃത്യമായ അളവുകൾ ഉള്ളതുമാണ്. അതൊന്നും മനുഷ്യന്റെ കരവിരുതുമല്ല. ഏകദേശം 230 അടി വിസ്തൃതിയിലാണ് ഈ സ്തൂപം നിലനിൽക്കുന്നത്. കല്ലുകളുടെ ഭാരമാകട്ടെ, 60,000 ടൺ വരും.

ഇത്തരം നിർമ്മിതികൾ ലോകത്ത് കണ്ടിട്ടുള്ളത് മരിച്ചവരെ സംസ്കരിക്കുന്നതിനായുള്ളതായാണ്. എന്നാൽ വെള്ളത്തിനടിയിൽ അതെങ്ങനെ സാധ്യമാണ്? അതേസമയം, തടാകത്തിന് 30 കിലോമീറ്റർ അപ്പുറം ഒരിടത്ത് കരയിൽ തന്നെ സമാന രീതിയിലുള്ള സ്തൂപങ്ങൾ കണ്ടെത്തി. മെഗാലിതിക് നിർമിതികൾ എന്നറിയപ്പെട്ട സ്തൂപങ്ങൾക്ക് കൃത്യമായ അളവുകൾ ഉണ്ടായിരുന്നു. ബി സി 1000ൽ 74 ഏക്കർ പ്രദേശത്ത് നിറഞ്ഞു നിന്ന ഒരു സംസ്കാരത്തിന്റെ ഭാഗമായിരുന്നു ഈ സ്തൂപങ്ങൾ എന്ന് പിന്നീട് കണ്ടെത്തി.

Read also: ‘ആറ് മാസം മുന്‍പ് നഷ്ടപെട്ട ആഭരണം മാലിന്യത്തിൽ, തിരികെ ഏൽപ്പിച്ച് ഹരിത കർമ്മ സേനാംഗം”; അഭിനന്ദവുമായി മന്ത്രി എംബി രാജേഷ്

ഇവിടെ 5000 ആളുകളോളം വസിച്ചിരുന്നതായും പറയപ്പെടുന്നു. അങ്ങനെയെങ്കിൽ തടാകമുള്ള സ്ഥലം മുൻപ് കരയായിരുന്നിരിക്കാമെന്നും വെള്ളം കയറിയപ്പോൾ തടാകത്തിനുള്ളിലായി പോയതായിരിക്കാമെന്നും കരുതുന്നു. ആ നിഗമനം ശരിയാണെങ്കിൽ ഏകദേശം 4000 വർഷം പഴക്കമാണ് ഈ സ്തൂപത്തിന് കണക്കാക്കുന്നത്. ഇത് നിഗമനങ്ങൾ മാത്രമാണ്. ഇന്നും തടാകത്തിനടിയിലെ സ്തൂപത്തിന്റെ രഹസ്യം അജ്ഞാതമായി നിലനിൽക്കുന്നു. 2013ലാണ് ഈ കൗതുകം ഗവേഷകർ കണ്ടെത്തിയത്.

Story highlights-stone structure beneath sea of galilee