1318 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ഹോട്ടല്‍ ഇപ്പോഴും പ്രവര്‍ത്തനസജ്ജം!

November 16, 2023

ജീവിതത്തില്‍ ഒരിക്കലെങ്കിലും ഒരു ഹോട്ടല്‍ സന്ദര്‍ശിക്കാത്തവര്‍ ഒരു പക്ഷെ വിരളമായിരിക്കും. ഭക്ഷണം കഴിക്കാനും താമസിക്കാനും ഒക്കെ പലരും ഹോട്ടലുകളും റിസോര്‍ട്ടുമെല്ലാം സന്ദര്‍ശിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഹോട്ടലുകള്‍ക്കും ലോകത്തില്‍ പഞ്ഞമില്ല. എന്നാല്‍ എവിടെയാണ് ലോകത്തെ ആദ്യത്തെ ഹോട്ടല്‍..? ഇങ്ങനെ ചോദിച്ചാല്‍ പലരും നെറ്റി ചുളിക്കും. അതിനുള്ള ഉത്തരം ജപ്പാനിലുണ്ട്.

രേഖപ്പെടുത്തിയിട്ടുള്ളതില്‍ വെച്ച് ലോകത്തെ ഏറ്റവും പഴക്കമുള്ള ഹോട്ടല്‍ ജപ്പാനിലാണ്. നിഷിയാമ ഓണ്‍സെന്‍ കിയുന്‍കന്‍ സ്പാ എന്നാണ് ഈ ഹോട്ടലിന്റെ പേര്. 1318 വര്‍ഷങ്ങള്‍ പഴക്കമുണ്ട് ഈ ഹോട്ടലിന്. എന്നാല്‍ ഇപ്പോഴും ഈ ഹോട്ടല്‍ പ്രവര്‍ത്തനസജ്ജമാണ് എന്നതാണ് മറ്റൊരു കൗതുകം. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഹോട്ടല്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഈ ഹോട്ടല്‍ സ്വന്തമാക്കിയിട്ടുണ്ട്.

ദൃശ്യഭംഗിയിലും ഏറെ മികച്ചതാണ് ഈ ഹോട്ടല്‍. മനോഹരമായ മലനിരകളും പച്ചപ്പുമെല്ലാം ഈ ഹോട്ടലിനെ വേറിട്ടു നിര്‍ത്തുന്നു. ആധുനികവല്‍കരിക്കപ്പെട്ടപ്പോള്‍ ഈ ഹോട്ടല്‍ ഒരു റിസോര്‍ട്ട് എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ജപ്പാനിലെ ആല്‍പ്‌സ് എന്ന് അറിയപ്പെടുന്ന അകൈഷി പര്‍വതനിരകളുടെ താഴ്-വാരത്താണ് ഈ ഹോട്ടല്‍.

ജപ്പാനിലെ ചക്രവര്‍ത്തിയായിരുന്ന ടെന്‍ജിയുടെ സുഹൃത്തിന്റെ മകന്‍ ഫുജിവാര മഹിതോയാണ് ഈ ഹോട്ടല്‍ തുടങ്ങിയത്. ആരംഭിച്ചത് മുതല്‍ ഇന്നുവരേയും ഈ ഹോട്ടിലന്റെ ഉടമസ്ഥാവകാശം ഒരു കുടുംബത്തിന് തന്നെയാണ് എന്നതും കൗതുകം നിറയ്ക്കുന്നു. 52 തലമുറകളായി കൈമാറി വരികയാണ് ഹോട്ടലിന്റെ ഉടമസ്ഥാവകാശം. അതുകൊണ്ടുതന്നെ പാരമ്പര്യത്തോടും പൈതൃകത്തോടും ഇഴചേര്‍ന്ന് കിടക്കുന്നു ഈ ഹോട്ടല്‍.

Read also: വെള്ളത്തിനടിൽ 13 വയസുകാരിയുടെ മാജിക്; ലോക റെക്കോർഡ് നേടി സ്‌കൂബാ ഡൈവർ!!

കാലഘട്ടത്തിന്റെ മാറ്റത്തിന് അനുസരിച്ച് ഹോട്ടലിന്റെ രൂപഭംഗിയിലും മാറ്റങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്നു. പാരമ്പര്യ വാസ്തു ശൈലി ഉള്‍പ്പെടുത്തിയിട്ടുണ്ട് നിലവിലെ ബില്‍ഡിങ്ങില്‍. 37 മുറികളാണ് ഹോട്ടലില്‍ സജ്ജമാക്കിയിരിക്കുന്നത്. നിരവധി സഞ്ചാരികളും ഇവിടെയെത്താറുണ്ട്.

Story highlights- Oldest hotel in Japan Nishiyama Onsen Keiunkan