സർക്കാർ രേഖകളിൽ ഉപയോഗപ്രദമല്ലാത്ത ഭൂമി; ആ മണ്ണിൽ പൊന്ന് വിളയിച്ച് പോരാടുന്ന ബാലുബെൻ മക്വാനയും 51 സ്ത്രീകളും!

April 30, 2024

മണ്ണിൽ പൊന്നുവിളയിക്കുക എന്നത് കർഷകരുടെ ഒരു പ്രയോഗമാണ്. അതെത്രമാത്രം പ്രായോഗികമാണ് എന്നതും അതിന് പിന്നിലെ കഷ്ട്ടപ്പാടുകളും അത്രയധികം അറിയാവുന്നതും അവർക്ക് മാത്രമാണ്. തരിശായ ഒരിടത്ത് എങ്ങനെയാണ് അവർക്ക് സമൃദ്ധി കൊണ്ടുവരാൻ സാധിക്കുക? കഷ്ടപ്പാടിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഇത്തരം കഥകൾ നമ്മൾ ധാരാളം കേട്ടിട്ടുണ്ട്.. അങ്ങനെയൊരു കാർഷിക വിപ്ലവത്തിലൂടെ ലോകശ്രദ്ധനേടിയ ഒരു പെൺകരുത്തുണ്ട് അങ്ങ്, ഗുജറാത്തിലെ വൗത്ത ഗ്രാമത്തിൽ. ബാലുബെൻ മക്വാന എന്ന വയോധിക ഒരു മാതൃകയാണ്. നിശ്ചയദാർഢ്യമുള്ള ഒരുകൂട്ടം സ്ത്രീകളുടെ സംഘത്തലവിയാണ് അവർ.

ഗുജറാത്ത് സംസ്ഥാന പാതയിൽ നിന്ന് 400 മീറ്റർ അകലെ, വൗത്ത ഗ്രാമത്തിന് സമീപം, സബർമതി നദിതീരത്ത് ‘ഉപയോഗപ്രദമല്ലാത്ത നദീതീര ഭൂമി’ എന്ന് സർക്കാർ രേഖകൾ വിവരിക്കുന്ന നൂറ് ഏക്കറോളം ഭൂമിയുണ്ടായിരുന്നു. തരിശായി കിടന്നിരുന്ന ഈ ഭൂമി ആരുടേയും ശ്രദ്ധകവർന്നിരുന്നില്ല. എന്നാൽ, ബാലുബെൻ മക്വാന എന്ന സ്ത്രീ 51 ദളിത് സ്ത്രീകളടങ്ങുന്ന സംഘത്തിനൊപ്പം ആ ഭൂമിയെ ഉൽപ്പാദനക്ഷമമായ ഫാമുകളാക്കി മാറ്റി!

36 ഏക്കറോളം വരുന്ന ഈ ‘ഉപയോഗരഹിതമായ നദീതീര ഭൂമി’ ഇപ്പോൾ പ്രതിവർഷം രണ്ട് വിളകൾ നൽകുന്നു. ഈ ഭൂമി അവരുടെ കുടുംബങ്ങളുടെ ഉപജീവനമാർഗത്തിൻ്റെ നിർണായക സ്രോതസ്സായി മാറിയിരിക്കുന്നു. വൗത്തയിലെ ദളിത് സ്ത്രീകളുടെ കഥ ഗുജറാത്തിലെ ഭൂവിതരണ പദ്ധതികളുടെ സങ്കീർണതകൾ എടുത്തുകാണിക്കുന്നതുകൂടിയാണ്.

അഹമ്മദാബാദ് ജില്ലയിലെ ധോൽക്ക ബ്ലോക്കിലെ വൗത്തയിൽ നിന്നുള്ള 51 ദളിത് സ്ത്രീകളടങ്ങുന്ന ഈ സംഘം ബാലുബെന്നിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 വർഷത്തിനിടെ സർക്കാരിൻ്റെ ഉപയോഗമില്ലാത്ത തരിശുഭൂമിയുടെ ഏകദേശം 36 ഏക്കർ വർഷത്തിൽ രണ്ട് വിളകൾ നൽകുന്ന ഫലഭൂയിഷ്ഠമായ ഫാമുകളാക്കി മാറ്റി. 72 കാരിയായ ബാലുബെൻ്റെ ഏക സ്വപ്നം ദളിത് സ്ത്രീകളുടെ സംഘത്തിന് അതിൻ്റെ മേൽ ഔദ്യോഗികമായ ഉടമസ്ഥാവകാശം ലഭിക്കുക എന്നതാണ്.

ഏകദേശം 35 വർഷം മുമ്പ് ബാലുബെന്നിൻ്റെ ഭർത്താവും വൗത്തയിലെ മറ്റ് 50 ദളിത് പുരുഷന്മാരും ചേർന്ന് എല്ലാ ശൈത്യകാലത്തും മൊത്തം 100 ഏക്കർ തരിശുഭൂമിയുടെ ഒരു ചെറിയ ഭാഗം കൃഷി ചെയ്യാൻ ഒത്തുകൂടിയതോടെയാണ് ഇവരുടെ കഥ തുടങ്ങുന്നത്. ഔദ്യോഗികമായ ഉടമസ്ഥാവകാശം സർക്കാരിനോട് ആവശ്യപ്പെടുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. എന്നാൽ ഗുജറാത്തിലെ ഉയർന്ന ജാതി ഭൂവുടമകളായ രജപുത്ര സമുദായമായ ദർബാറുകൾ ഇത് പ്രശനമാക്കി. അക്രമത്തിലൂടെ അവർ ദളിത് പുരുഷന്മാരെ ഒതുക്കാൻ ശ്രമിച്ചു. അങ്ങനെ അവർ ആ ഭൂമികളിൽ നിന്നും പുറത്താക്കപ്പെട്ടു. ദർബാറുകൾ അവ കയ്യടക്കി. അവർ ലാഭം കൊയ്തപ്പോൾ, ദലിതരും വൗത്തയിലെ മറ്റ് ഭൂരഹിതരായ ഗ്രാമവാസികളും കർഷകത്തൊഴിലാളികളായി ദിവസേന 50 രൂപയ്ക്ക് ജോലി ചെയ്യാൻ നിർബന്ധിതരായി.

പിന്നെയും ഒരു 10 വർഷങ്ങൾക്ക് ശേഷം ദളിത് പുരുഷന്മാർ ഒരു പുതിയ നീക്കം നടത്താൻ തീരുമാനിച്ചു. സ്ത്രീകളെ മുന്നിൽ നിർത്തണം. പുരുഷന്മാർക്ക് പകരം സ്ത്രീകളുടെ കൂട്ടായ്മ രൂപീകരിച്ച് ഉപേക്ഷിക്കപ്പെട്ട ഭൂമിയിൽ കൃഷി ചെയ്യണമെന്ന് പുരുഷന്മാർ നിർദ്ദേശിച്ചു. സ്ത്രീകൾ ഇറങ്ങുമ്പോൾ ഭൂമിയുടെ അവകാശം സർക്കാർ നൽകുമെന്ന് അവർ വിശ്വസിച്ചു. ജയ് ഭീം മഹിളാ ഖേതി സഹകാരി മണ്ഡലി എന്ന സംഘത്തിന് രൂപമാകുകയും ചെയർപേഴ്‌സണായി ബാലുബെൻ നേതൃത്വം നൽകുകയും ചെയ്തു.

ഒടുവിൽ ഗുജറാത്തിലുടനീളമുള്ള അംഗങ്ങളുള്ള ഒരു അറിയപ്പെടുന്ന ദളിത് അവകാശ സംഘടനയായ നവസർജനിൽ നിന്നാണ് അവർ സഹായം തേടിയത്. സ്ത്രീകൾ കൃഷിക്കിറങ്ങിയപ്പോൾ അവർ കാവലിരുന്നു. ഇപ്പോൾ, 36 ഏക്കർ അവരുടെ നിയന്ത്രണത്തിലായി. വൗത്തയിലെ ദളിത് സ്ത്രീകൾ ഇന്ന് അവരുടെ കുടുംബത്തിൻ്റെ പ്രാഥമിക വരുമാന സ്രോതസ്സായി മാറിയിരിക്കുന്നു. ജാതി, പരുത്തി, ഗോതമ്പ്, മറ്റ് വിളകൾ എന്നിവ കൃഷി ചെയ്യുന്നതിലൂടെ ഓരോ വിള സീസണിലും 3 ലക്ഷം രൂപ വരെ സമ്പാദിക്കുകയും ചെയ്യുന്നു. ഓരോരുത്തരും അവരവരുടെ ജോലിക്കായി 200 രൂപ ദിവസക്കൂലി എടുക്കുന്നു. കൂടാതെ ഓരോ അംഗത്തിനും ഓരോ വർഷവും 80 മുതൽ 100 ​​കിലോഗ്രാം വരെ ധാന്യവും ലഭിക്കുന്നു. ബാക്കിയുള്ള ധാന്യം മാർക്കറ്റിൽ വിൽക്കുകയും ചെയ്യുന്നു.

Read also: പ്രജകൾക്ക് ജലമെത്തിക്കാൻ സ്വന്തം ആഭരണങ്ങൾ വിറ്റ മൈസൂരിന്റെ മഹാറാണി!

തരിശുഭൂമി കയ്യേറി കൃഷിയിറക്കുന്നതിൽ നിന്ന് ഇതുവരെ സർക്കാർ ഉദ്യോഗസ്ഥർ അവരെയോ ദർബാറുമാരെയോ തടഞ്ഞിട്ടില്ല. എന്നാൽ കാർഷിക വായ്പകളും മറ്റ് സർക്കാർ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനും സ്ത്രീകൾക്ക് സാന്തനി പദ്ധതി പ്രകാരം ഭൂമിയുടെ ഉടമസ്ഥാവകാശം ആവശ്യമാണ്. അത് ഇത്രവർഷമായിട്ടും സാധ്യമായിട്ടില്ല.

Story highlights- 51 women who turned wasteland into farm