വയനാട്ടിലെ വനഗ്രാമത്തിലെ കുട്ടികളെ ക്രിക്കറ്റിൻ്റെ വഴിയെ നടത്തി ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ

April 29, 2024

മൂന്ന് ഭാഗവും വനവുമായി അതിര്‍ത്തി പങ്കിടുന്ന ഒരു വയനാടന്‍ ഗ്രാമമാണ് കുമിഴി. കൃഷി പ്രധാനവരുമാന മാര്‍ഗമായി കാണുന്ന കാണുന്ന ഈ നാട്ടുകാര്‍ സാമ്പത്തികമായും ദുര്‍ബലരാണ്. എന്നാല്‍ ഇവിടെയുളള കുട്ടികള്‍ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കുകയാണ്. വനം വകുപ്പ് ജീവനക്കാരനായ പി.എ കുഞ്ഞുമോനാണ് വന സംരക്ഷണത്തിനൊപ്പം ഈ ഗ്രാമത്തിലുള്ള കുട്ടികളുടെ ക്രിക്കറ്റ് സ്വപ്‌നത്തിന് ചിറക് വിരിക്കുന്നത്. ( Forest officer leading cricket practice for children of Wayanad )

കൊവിഡ് കാലത്താണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുക എന്ന ആശയത്തിലേക്ക് എത്തുന്നത്. ലോക്ഡൗണ്‍ സമയത്ത് വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിനെ സമീപത്തായി താല്‍ക്കാലിക പിച്ചൊരുക്കി കളി ആരംഭിക്കുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞുമോന്റെ രണ്ട് മക്കളും ക്രിക്കറ്റിനോട് അടുക്കുന്നത്. ഇതോടെ അവരുടെ പരിശീലനത്തിനായി നെറ്റ്‌സ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കിനല്‍കി. കൊറോണക്കാലത്തിന് ശേഷം മക്കളെ അക്കാദമിയിലേക്ക് പരിശീലനത്തിന് അയക്കുകയായിരുന്നു.

തുടര്‍ന്ന് ഫീല്‍ഡ് വര്‍ക്കിനായി പോയ സമയത്താണ് കുമിഴി ഗ്രാമത്തിലെ കുട്ടികള്‍ ക്രിക്കറ്റ് കളിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്നാണ് ഒഴുവുസമയങ്ങളില്‍ ഇവര്‍ക്കായി പരിശീലം നല്‍കാം എന്ന തീരുമാനത്തിലെത്തുന്നത്. അതിന് ശേഷം അവിടെ മികവ് പുലര്‍ത്തിയ അഞ്ച് കുട്ടികളെ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന അക്കാദമിയില്‍ ചേര്‍ത്തു. കുഞ്ഞുമോന്റെ മൂത്ത മകളായ പാര്‍വതി അണ്ടര്‍-19 സോണല്‍ ടീമിന്റെ ഭാഗമാണ്. ഇളയ മകള്‍ പവിത്ര അണ്ടര്‍-15 ജില്ലാ ടീമിന്റെ ഭാഗമാണ്. അവിടെ നിന്നും പഠിക്കുന്ന ബേസികായിട്ടുള്ള കാര്യങ്ങള്‍ വീട്ടിലെത്തിയാലും പ്രാക്ടീസ് ചെയ്യുക എന്നതായിരുന്നു ഇത്തരത്തിലൊരു നെറ്റ്‌സ് സൗകര്യം ഒരുക്കിയത്.

രണ്ട് മാസം മുന്‍പ് ആരംഭിച്ച പരിശീലന പദ്ധതിക്ക് നാട്ടുകാരുടെയും കുട്ടികളുടെയും പൂര്‍ണപിന്തുണയുണ്ട്. നിലവില്‍ പരിശീലനം നടത്തുന്നതില്‍ നല്ല കഴിവുള്ള കുട്ടികളുണ്ടെന്നാണ് കുഞ്ഞിമോന്‍ പറയുന്നത്. ഭാവിയില്‍ ഏതെങ്കിലും ടീമുകളില്‍ ഇവരെ കാണാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ഇവിടെ കുട്ടികള്‍ പരിശീലനത്തിനായി ഉപയോഗിക്കുന്ന പല ഉപകരണങ്ങളും നിരവധിയാളുകള്‍ സംഭാവനയായി നല്‍കിയതാണ്.

Read Also : ബ്യൂട്ടീഷ്യൻ കോഴ്സിലൂടെ ഹസിമാര ​ഗ്രാമത്തിന്റെ തലവര മാറ്റിയ പെൺകുട്ടി

2002-ലാണ് കുഞ്ഞിമോന് വനം വകുപ്പില്‍ ജോലി ലഭിക്കുന്നത്. അതിന് ശേഷം വിവിധ സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. 2005-06 കാലഘട്ടത്തില്‍ ദേശീയ തലത്തില്‍ നടന്ന 400 മീറ്ററില്‍ ചാമ്പ്യനുമാണ് കുഞ്ഞിമോന്‍.

Story highlights : Forest officer leading cricket practice for children of Wayanad