ഒരു ഗ്രാമം നിറയെ വൈറലായ യൂട്യൂബർമാർ, അതും ഇന്ത്യയിൽ; ഇവിടം ട്രെൻഡിങ്ങിലാണ്!!

April 30, 2024

ഇന്ന് സോഷ്യൽ മീഡിയ ഒരു പ്രധാന ഘടകം തന്നെയാണ്. വൈറൽ, ട്രെൻഡിങ് തുടങ്ങി സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട ന്യൂജൻ വാക്കുകൾ നമ്മുടെ ഡിക്ഷനറികൾ കീഴടക്കി. സോഷ്യൽ മീഡിയ താരങ്ങളും ഇൻഫ്ലുവെൻസേർസും തുടങ്ങി നിരവധി താരോദയങ്ങളും ഇതിനിടക്ക് സംഭവിച്ചു. എന്നാൽ വൈറലായ യൂട്യൂബർമാർ മാത്രമുള്ള ഒരു ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതും നമ്മുടെ ഇന്ത്യയിൽ. (Residents of this Chhattisgarh village run 40 YouTube channels)

തലസ്ഥാനമായ റായ്പൂരിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ, ടിൽഡ-നിയോറ റെയിൽവേ സ്റ്റേഷന് ഏതാനും കിലോമീറ്റർ മുമ്പ്, മധ്യ ഛത്തീസ്ഗഡിലാണ് ഏകദേശം 4,000 ആളുകൾ താമസിക്കുന്ന തുൾസി ഗ്രാമമുള്ളത്. അതിൻ്റെ ഇടുങ്ങിയ വഴികളിലൂടെയും തുറസ്സായ ഇടങ്ങളിലൂടെയും നടക്കുമ്പോൾ ഗ്രാമത്തിന്റെ കാഴ്ചകളെകാൾ കൂടുതൽ നിങ്ങളെ കാത്തിരിക്കുന്നത് റീലുകളും വീഡിയോകളും കോമഡി സ്‌കെച്ചുകളും ഷൂട്ട് ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാരെയും നാട്ടുകാരെയുമാണ്. തുൾസി ഗ്രാമത്തിലെ ഏകദേശം മൂന്നിലൊന്ന് നിവാസികളും യൂട്യൂബിലെ കണ്ടെന്റ് ക്രിയേറ്റേഴ്സ് ആണ്.

സ്മാർട്ട്‌ഫോണിലോ ഡിജിറ്റൽ ക്യാമറയിലോ മാത്രം ഒതുങ്ങുന്നത് അല്ല ഇവിടുത്തെ ഷൂട്ടുകൾ. മൈക്രോഫോണുകൾ, റിഫ്‌ളക്ടറുകൾ, മൾട്ടി ക്യാമറകൾ തുടങ്ങി ഇതിനാവശ്യമായ എല്ലാ സാധനങ്ങളും ഇവരുടെ പക്കലുണ്ട്. ഇവിടെ ഓരോ വീട്ടിൽ നിന്നും ഒരാളെങ്കിലും, വൈറൽ താരങ്ങളാണ് എന്നാണ് പ്രദേശവാസികൾ അവകാശപ്പെടുന്നത്. ഇന്ന് ആ ഗ്രാമത്തിൽ 1,000+ വീഡിയോകളുള്ള 40 സജീവ യുട്യൂബ് ചാനലുകളുണ്ട്. അവയിൽ, ആദ്യത്തെ ഛത്തീസ്ഗഢി കോമഡി യൂട്യൂബ് ചാനലായ ബീയിംഗ് ഛത്തീസ്ഗഢിയയ്ക്ക് 250+ വീഡിയോകളുടെ ഒരു ലൈബ്രറിയും 120,000+ സബ്‌സ്‌ക്രൈബർമാരുമുണ്ട്. കോമഡി വീഡിയോകളാണ് ഈ ചാനലിൻ്റെ കാതൽ എങ്കിലും ഛത്തീസ്ഗഢി ഉത്സവങ്ങളും സംസ്‌കാരവും സംരക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള സന്ദേശങ്ങളും വീഡിയോയിലൂടെ പങ്കുവെക്കുന്നു.

Read Also : ബ്യൂട്ടീഷ്യൻ കോഴ്സിലൂടെ ഹസിമാര ​ഗ്രാമത്തിന്റെ തലവര മാറ്റിയ പെൺകുട്ടി

ഈ ഗ്രാമത്തിലെ നിവാസികൾക്ക് നാൽപതോളം യുട്യൂബ് ചാനലുകൾ ഉണ്ട്. അവയിൽ പകുതിയോളം ചാനലുകൾക്ക് മോൺടൈസേഷനും ഉണ്ട്. ‘36 ഗർഹിയ’, ‘അൽവ ജൽവ’, ഫൺ ടാപ്രി’, ‘ഗോൾഡ് സിജി 04’ എന്നിവയാണ് ചില ജനപ്രിയ ചാനലുകൾ. ഇവരിൽ ഭൂരിഭാഗം കോൺടെന്റ് ക്രിയേറ്റേഴ്‌സ് പരസ്പരം സഹകരിച്ചും സഹായിച്ചുമാണ് വീഡിയോകൾ ഷൂട്ട് ചെയ്യുന്നത്. ആർക്കെങ്കിലും ഒരു ആശയം ഉണ്ടെങ്കിൽ അത് മറ്റുള്ളവരുമായി ചർച്ച ചെയ്യും. അത് തിരക്കഥയോ അഭിനയമോ ക്യാമറ വർക്കോ എന്തുമാകട്ടെ, എല്ലാ കാര്യങ്ങളിലും മറ്റുവരിൽ നിന്ന് നിർദ്ദേശങ്ങളും സ്വീകരിക്കും. തിരക്കഥ തയ്യാറായി കഴിഞ്ഞാൽ, ആ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്തും.

തുടക്കത്തിൽ തിരഞ്ഞെടുത്തവരിൽ ഭൂരിഭാഗവും ഗ്രാമത്തിൽ സജീവമായ രാംലീല മണ്ഡലങ്ങളിൽ നിന്നുള്ളവരാണ്. എന്നാൽ ഇപ്പോൾ, ഗ്രാമത്തിൽ ഒരു പുതിയ തലമുറ കലാകാരന്മാരും ഈ രംഗത്തോട്ട് വന്നിട്ടുണ്ട്. അവരിൽ ചിലരൊക്കെ പ്രശസ്തിയും നേടിയിട്ടുണ്ട്. ഇപ്പോൾ ഛത്തീസ്ഗഢി സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന പിങ്കി സാഹു ഈ ഗ്രാമത്തിൽ നിന്നുള്ളതാണ്.

മിക്ക ചാനലുകളും പ്രതിമാസം ഏകദേശം 20,000-40,000 രൂപ സമ്പാദിക്കുന്നു. ചില യൂട്യൂബർമാർ ചെറിയ തോതിലുള്ള പരസ്യ സിനിമകൾ ഷൂട്ട് ചെയ്യുന്നതിനുള്ള കരാറുകളിലും ഒപ്പുവെച്ചിട്ടുണ്ട്. ഏറ്റവും പ്രധാനമായി, ഈ യൂട്യൂബ് ചാനലുകൾ, ഗ്രാമത്തിലെ യുവാക്കളെ ദുഷ്പ്രവണതകളിൽ നിന്ന് അകറ്റി നല്ല ദിശയിലേക്ക് നയിക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

Story highlights : Residents of this Chhattisgarh village run 40 YouTube channels