സ്ത്രീകൾ മാത്രമുള്ള ലോകത്തിലെ ഏക അടുക്കള; അസ്മ ഖാന്റെ ‘ഡാർജിലിങ്ങ് എക്‌സ്പ്രസ്’!

April 28, 2024

സ്നേഹം വിളമ്പാനുള്ള ഏറ്റവും ഭംഗിയുള്ള ഭാഷയാണ് ഭക്ഷണത്തിന്റേത്. സ്വന്തം നാടും വീടും വിട്ട് ഭൂമിയുടെ ഏത് കോണിലേക്ക് ചേക്കേറിയാലും അടുത്തുള്ള റെസ്റ്റോറന്റിൽ നിന്നുയരുന്ന കൊതിപ്പിക്കും ഗന്ധത്തിന് ഒരുപക്ഷെ നമ്മെ അടുക്കളയിലുള്ള അമ്മയുടെ അരികിലേക്ക് എത്തിക്കാൻ കഴിയും. അറിയാതെ ആ രുചിയോർത്ത് കണ്ണ് നനയാത്തവരും വിരളമാണ്. (The only all-female kitchen in the world)

ലണ്ടനിലെ ഡാർജിലിങ്ങ് എക്‌സ്പ്രസ്സ് എന്ന പ്രസിദ്ധ റെസ്റ്ററന്റിന്റെ നായിക അസ്മ ഖാനും സംഭവിച്ചത് അതാണ്. എന്നാൽ ആഗ്രഹിച്ച വിഭവങ്ങളെയെല്ലാം നാടുകടത്തി ഇന്നവർ വിദേശികളുടെ രുചിമുകുളങ്ങളെ വരെ സന്തോഷിപ്പിച്ചുകൊണ്ടിരിക്കുന്നു.

കൊൽക്കത്തയിൽ ജനിച്ച അസ്മയുടെ മാതാപിതാക്കൾ രാജകുടുംബങ്ങളിൽ നിന്നുള്ളവരാണ്. അവരുടെ അമ്മ ബംഗാളിയും പിതാവ് രാജ്പുത്തുമാണ്. കുടുംബത്തിൽ നിന്നും കോളേജിൽ ചേരുന്ന ആദ്യത്തെ സ്ത്രീയായിരുന്നു അസ്മ. നിയമബിരുദം നേടിയ അവർ പിന്നീട് ലണ്ടനിലെ കിംഗ്സ് കോളേജിൽ ബ്രിട്ടീഷ് ഭരണഘടനാ നിയമത്തിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി. മറ്റുള്ളവരെ സഹായിക്കാനുള്ള ആഗ്രഹം ചെറുപ്പത്തിൽ തന്നെ അവരുടെ ഉള്ളിലുണ്ടായിരുന്നു.

ഭക്ഷണം എല്ലായ്‌പ്പോഴും അവർക്ക് പ്രിയമായിരുന്നെങ്കിലും കേംബ്രിഡ്ജ് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന ഭർത്താവിനൊപ്പം 1991-ൽ ഇംഗ്ലണ്ടിലേക്ക് മാറുന്നതുവരെ പാചകം എന്തെന്ന് അവർ അറിഞ്ഞിരുന്നില്ല.

ജീവിതത്തിൽ ആദ്യമായി അവർക്ക് ഒറ്റയ്ക്ക് ഭക്ഷണം കഴിക്കേണ്ടി വന്നു. താൻ വളർന്നുവന്നപ്പോൾ അനുഭവിച്ച ആഡംബരങ്ങളും ആവോളം കഴിക്കാൻ സാധിക്കുമായിരുന്ന രുചികരമായ ഭക്ഷണത്തിന്റെ വിലയും അവർ തിരിച്ചറിഞ്ഞത് അന്നായിരുന്നു. നിസ്സാരമെന്ന് കരുതിയ പലതിനോടും ആദരവും ബഹുമാനവും തോന്നിയത് അപ്പോഴായിരുന്നു.

Read also: ഒരേ മാവിൽ 300 തരം മാമ്പഴങ്ങൾ, കൂട്ടത്തിൽ ഐശ്വര്യയും, സച്ചിനും, മോദിയും; പിന്നിൽ ഇന്ത്യയുടെ മാംഗോ മാൻ!

വീട്ടിലേക്കുള്ള അടുത്ത മടക്കയാത്രയിൽ അസ്മ അമ്മയോട് പിന്നിട്ട വഴികളിൽ ഒപ്പം വെക്കാൻ കൊതിച്ച പലതിനെയും കുറിച്ച് സംസാരിച്ചു. അമ്മ മകളെ കൂട്ടി നേരെ വീട്ടിലെ അടുക്കളിയിലേക്ക് പോയി. ‘നിന്നെ ഞാൻ ഭക്ഷണം ഉണ്ടാക്കാൻ പഠിപ്പിക്കാം’, ‘അമ്മ അസ്മയോട് പറഞ്ഞു.

ഓർമകളിലെ രുചികളെല്ലാം അമ്മയുടെ പാചകപ്പുരയിൽ ഭദ്രമായിരുന്നു. പാചക പാഠങ്ങളെല്ലാം ഒപ്പം കൂട്ടി ലണ്ടനിലേക്ക് അടുത്ത യാത്ര. വീട്ടിൽ നിന്നും, നാട്ടിൽ നിന്നും, തന്റെ ഓർമകളിൽ നിന്നും അകലെയല്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ അസ്മ ഭക്ഷണം പാകം ചെയ്ത് തുടങ്ങി.

ഇന്ന് അസ്മ പാകം ചെയ്യുന്ന ഭക്ഷണമെല്ലാം അമ്മയുടെയും മുത്തശ്ശിയുടെയും പാചകപ്പുരകളിൽ നിന്ന് വന്നവയാണ്. എണ്ണയിൽ തിളച്ച് പൊട്ടുന്ന കടുകിന്റെ ശബ്ദവും, മുളക് വറക്കുന്ന മണവും, പാത്രത്തിലൂടെ ഓടിക്കളിക്കുന്ന കരണ്ടിയുടെ ശബ്ദവുമെല്ലാം അവരുടെ കാതുകളിൽ ഇന്നും മുഴങ്ങി കേൾക്കാം. 2017-ൽ അവർ സ്ഥാപിച്ച ഡാർജിലിങ്ങ് എക്‌സ്പ്രസിൽ സ്നേഹത്തോടെ വിളമ്പുന്ന ഭക്ഷണവും അതുതന്നെയാണ്.

സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ അടുക്കളയാണ് ഡാർജിലിങ്ങ് എക്സ്‌പ്രസ്. ഇവിടെ പാചകം ചെയ്യുന്നവരെല്ലാം അസ്മയുടെ വീട്ടിലെ രുചികളാണ് വിളമ്പുക. അവരിൽ പലരും സ്‌കൂളിൽ പോയിട്ടില്ല, ജീവിതത്തിൽ ഒരിടത്തും മൂല്യമുള്ളവരായി കരുതപ്പെട്ടിട്ടില്ല. എന്നാൽ ഇന്ന് അവരെല്ലാം ചേർന്ന സ്ത്രീ കൂട്ടായ്മയാണ് ഈ സംരംഭത്തിന്റെ ശക്തി.

അസ്മയ്ക്ക് ഇതൊരു ബിസിനസല്ല, സമൂഹത്തിൽ മാറ്റം കൊണ്ടുവരാനുള്ള പ്രസ്ഥാനമാണ്. ഭക്ഷണം കഴിക്കുന്നയാളുടെ കണ്ണുകളിലാണ് താൻ സന്തോഷം കണ്ടെത്തുന്നതെന്ന് അസ്മ പറയുന്നു. ആ മായാജാലത്തിൽ ഒരു കുരുന്നിനെ പോലെ അവർ ഇന്നും മതിമറന്ന് പോകാറുമുണ്ട്.

Story highlights: The only all-female kitchen in the world