കൂട്ടിനുള്ളിൽ അടയിരിക്കുന്ന പങ്കാളിക്ക് മാസങ്ങളായി ഭക്ഷണം നൽകുന്ന ആൺ വേഴാമ്പൽ- ഉള്ളുതൊട്ടൊരു കാഴ്ച

May 9, 2024

ഒരു പങ്കാളിയെ കണ്ടെത്തി ജീവിതകാലം മുഴുവൻ അവർക്കായി ജീവിക്കുക എന്നതൊക്കെ മനുഷ്യർക്ക് മാത്രം സാധിക്കുന്ന കാര്യങ്ങളാണ് എന്ന് ചിന്തിക്കുന്നവരാണ് അധികവും. എന്നാൽ, മനുഷ്യരേക്കാൾ പങ്കാളികളുമായി ആത്മബന്ധം പുലർത്തുന്ന ഒട്ടേറെ ജീവികൾ നമുക്ക് ചുറ്റുമുണ്ട്. അവയിലൊന്നാണ് മലമുഴക്കി വേഴാമ്പൽ. ഇണയോട് അങ്ങേയറ്റം ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വേഴാമ്പലിന്റെ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

ഐഎഫ്‌എസ് ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിൽ, ആൺ വേഴാമ്പൽ ഒരു കഷ്ണം പഴം ചുമന്ന് ഒരു മരത്തിന്റെ പൊത്തിനുള്ളിൽ കൂടുകൂട്ടിയ നിന്ന് പെൺ വേഴാമ്പലിന് നൽകുന്നതാണ്.’ഇന്ന് നിങ്ങൾ കാണുന്ന ഏറ്റവും മനോഹരമായ കാര്യം. കൂടിനുള്ളിൽ ഇരിക്കുന്ന പെൺ വേഴാമ്പലിന് ഭക്ഷണം കൊടുക്കുന്നത് ആൺ വേഴാമ്പൽ. മാസങ്ങളോളം ആൺവേഴമ്പിൽ ഇത് ചെയ്യും’- പർവീൺ കസ്വാൻ അടിക്കുറിപ്പിൽ വിശദീകരിച്ചു.

ഇന്ത്യയിൽ 9 ഇനം വേഴാമ്പലുകൾ കാണപ്പെടുന്നു. വേഴാമ്പലുകൾ പൊതുവെ ഏകഭാര്യത്വമുള്ളവയാണ്. ഇവ പങ്കാളിക്കൊപ്പം ദീർഘകാലം ചിലവിടും. ഈ പക്ഷികൾ എങ്ങനെ കൂടുണ്ടാക്കുകയും കുട്ടികളെ പരിപാലിക്കുകയും ചെയ്യുന്നുവെന്നും പർവീൺ കസ്വാൻ വിവരിക്കുന്നു.

Read also: നന്നായി കരയുന്ന കുഞ്ഞ് വിജയി; കുട്ടികളെ കരയിച്ച സുമോ ഗുസ്തിക്കാർ- നാനൂറ് വർഷം പഴക്കമുള്ള വേറിട്ടൊരു ഉത്സവം

പെൺ വേഴാമ്പൽ ഒരു കൂട് തിരഞ്ഞെടുക്കുകയും മാസങ്ങളോളം അതിനുള്ളിൽ കയറി പുറത്തേക്കിറങ്ങാനാകാത്ത വിധം അടയ്ക്കുകയും ചെയ്യുന്നുവെന്ന് കസ്വാൻ സൂചിപ്പിച്ചു. 3-4 മാസത്തേക്ക്, ആൺ വേഴാമ്പലിന്റെ ജോലി പങ്കാളിക്ക് ഭക്ഷണം എത്തിക്കുക എന്നതാണ്. കുഞ്ഞുങ്ങൾ വിരിഞ്ഞതിനുശേഷം, ആൺ പക്ഷി പെൺപക്ഷികൾക്കും മക്കൾക്കും ഭക്ഷണം നൽകുന്നതിനായി കൂടുതൽ യാത്രകൾ നടത്തും.ആൺ വേഴാമ്പലിന്റെ കരുതലിന് എന്നും കയ്യടി ഉയരാറുണ്ട്.

Story highlights- Hornbill touching lovestory