11,500 ബട്ടൻസുകൾ, 36 മണിക്കൂർ; ഒരുങ്ങിയത് മലയാളത്തിന്റെ പ്രിയനടൻ

July 7, 2022

മലയാളത്തിന്റെ പ്രിയനടൻ ഇന്ദ്രൻസിന്റെ രൂപം ബട്ടൻസിൽ തീർത്ത ഒരു കലാകാരനാണ് സോഷ്യൽ ഇടങ്ങളുടെ കൈയടി ഏറ്റുവാങ്ങുന്നത്. 11,500 ബട്ടൻസുകൾ കൊണ്ട് ഏകദേശം 36 മണിക്കൂറുകൾ എടുത്താണ് ഇന്ദ്രന്സിനെ നെടുമങ്ങാട് സ്വദേശി ശ്രീകാന്ത് ഒരുക്കിയത്. സൂചിയും നൂലും ഉപയോഗിച്ച് ബട്ടൻസുപയോഗിച്ച് തുന്നിച്ചേർത്താണ് ശ്രീകാന്ത് ഈ സൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്. നാലടി നീളവും വീതിയും ഉള്ള കാർഡ് ബോർഡുകൾ ഒന്നിച്ച് തയാറാക്കിയ കാൻവാസിലാണ് ഈ കലാസൃഷ്ടിയുള്ളത്. കറുപ്പ്, ചുവപ്പ്, നീല, വെള്ള ഉൾപ്പെടെ നാല് നിറത്തിലുള്ള ബട്ടൻസുകൾ തുന്നിച്ചേർത്താണ് ഇന്ദ്രൻസിന്റെ രൂപം ഈ കലാകാരൻ ഒരുക്കിയിരിക്കുന്നത്.

‘മഹാനായ തുന്നൽക്കാരൻ… ” സൂചിയിൽ നൂലുകോർത്തു ബട്ടൻസുകൾ തുന്നിപിടിപ്പിച്ചു സിനിമാ നടന്മാർക്ക് കുപ്പായങ്ങൾ തയ്ച്ചുതുടങ്ങി…വെറും ഒരു തൂന്നൽക്കാരനായി കടന്നുവന്നു, ഒടുവിൽ ദേശീയ അവാർഡ് വരെ വാങ്ങിക്കൂട്ടിയ മഹാനടൻ. തന്റെതായ കഴിവുകൾക്കൊണ്ടുമാത്രം വ്യക്തിമുദ്ര പതിപ്പിച്ച കലാകാരൻ… അദ്ദേഹത്തിന്റെ ആദ്യകാല തൊഴിലുമായി ബന്ധപ്പെട്ട ബട്ടൻസുകളും, നൂലും, സൂചിയും കോർത്തിണക്കി ഈ ചെറിയ കലാകാരന്റെ ആദരവ്’ എന്ന് കുറിച്ചുകൊണ്ടാണ് ശ്രീകാന്ത് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം സുരേന്ദ്രൻ എന്നായിരുന്നു ഇന്ദ്രൻസിന്റെ ആദ്യകാലത്തെ പേര്. സിനിമയിൽ വന്നതിന് ശേഷമാണ് അദ്ദേഹം ഈ പേര് മാറ്റിയത്. സിനിമയിൽ കോസ്റ്റും സഹായിയായി വന്ന് പിന്നീട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇപ്പോൾ വെള്ളിത്തിരയിൽ ശക്തമായ കഥാപാത്രങ്ങളുമായി ഏറെ തിരക്കുള്ള നടനായി മാറിയ താരമാണ് ഇന്ദ്രൻസ്. മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ ഇന്ദ്രൻസ് അദ്ദേഹത്തിന്റെ ലാളിത്യം കൊണ്ടും കൂടിയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Story highlights; Artist using 11,500 buttons to make indrans