എസ്എസ്എല്‍സി പരീക്ഷ ഫലം മെയ് ആറിന് പ്രഖ്യാപിക്കുമെന്ന് സൂചന

May 4, 2019

എസ്എസ്എല്‍സി പരീക്ഷയുടെ ഫലം ഈ മാസം ആറിന് പ്രഖ്യാപിക്കുമെന്ന് സൂചന. ആറാം തീയതി രാവിലെ പതിനൊന്ന് മണിക്ക് എസ്എസ്എല്‍സി പരീക്ഷ ഫലത്തിന് അംഗീകാരം നല്‍കുന്നതിനായ് പരീക്ഷ പാസ് ബോര്‍ഡ് പ്രത്യേക യോഗം ചേരുന്നുണ്ട്. യോഗത്തില്‍ തീരുമാനം നടപ്പിലാക്കാനായാല്‍ അന്നേ ദിവസം തന്നെ പരീക്ഷ ഫലം പ്രഖ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം മെയ് ആറിന് തീരുമാനം നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ മെയ് ഏഴിനായിരിക്കും ഫലം പ്രഖ്യാപിക്കുക. കഴിഞ്ഞ മാസം തന്നെ എസ്എസ്എള്‍സി പരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായതായാണ് സൂചന.

അതേസമയം ഹയര്‍സെക്കന്ററി പരീക്ഷ ഫലം മെയ് എട്ടിന് പ്രസിദ്ധീകരിക്കും. കഴിഞ്ഞ ദിവസം നടന്ന ഹയര്‍സെക്കന്ററി പരീക്ഷ പാസ് ബോര്‍ഡിലാണ് റിസള്‍ട്ട് ഈ മാസം എട്ടിന് പ്രഖ്യാപിക്കാന്‍ തീരുമാനമായത്.

Read more: 17 വര്‍ഷം മലയാള സിനിമയില്‍ സഹനടന്‍; പ്രശാന്ത് നായക തുല്യനായി ബോളിവുഡിലേക്ക്

നാലര ലക്ഷത്തോളം കുട്ടികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. മാര്‍ച്ച് 13 മുതല്‍ 28 വരെയായിരുന്നു എസ്എസ്എല്‍സി പരീക്ഷ. 2,22,527 ആണ്‍ട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ് പരീക്ഷ എഴുതിയത്. ഇവരില്‍ 1,42,033 കുട്ടികള്‍ സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുള്ളവര്‍ ആണ്. 2,62,125 കുട്ടികള്‍ എയ്ഡഡ് സ്‌കൂളുകളിലേയും 30,984 വിദ്യാര്‍ത്ഥികള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ നിന്നുള്ളവരുമാണ്.

അതേസമയം ഗള്‍ഫ് മേഖലകളില്‍ നിന്നുമായി 495 കുട്ടികളും ലക്ഷദ്വീപിലെ 682 വിദ്യാര്‍ത്ഥികളും പരീക്ഷ എഴുതി. മലപ്പുറം ജില്ലയില്‍ നിന്നുമാണ് ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കേരളത്തില്‍ 2,923 കേന്ദ്രങ്ങളില്‍വെച്ചായിരുന്നു പരീക്ഷ. കൂടാതെ ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളുമടക്കം. ആകെ 2941 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ നടന്നത്.

ഉച്ചയ്ക്ക് 1.45 മുതലായിരുന്നു പരീക്ഷ. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമും വിദ്യാര്‍ത്ഥികള്‍ക്ക് നില്‍കി. ചൂടു കൂടിയ കാലാവസ്ഥ ആയിരുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക സൗകര്യങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തി. ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, ഗണിത ശാസ്ത്രം എന്നീ വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും മറ്റ് വിഷയങ്ങള്‍ക്ക് ഒന്നര മണിക്കൂറുമാണ് ഉത്തരമെഴുതാന്‍ അനുവദിച്ച സമയം.