അവർക്ക് കുറച്ചുകൂടി സമയം നൽകൂ; കോഹ്ലി വിമര്ശകരോട് ഗാംഗുലി

ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയം രുചിച്ച ഇന്ത്യൻ ടീമിനും ക്യാപ്റ്റൻ കൊഹ്‌ലിക്കും പിന്തുണയുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. തോൽവിയുടെ പേരിൽ കൊഹ്‌ലിയെ വിമർശിക്കുന്നവർ കുറച്ചുകൂടി ക്ഷമ കാണിക്കണമെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്.

കഴിഞ്ഞ ഒരു വർഷമായി ഇന്ത്യ ടെസ്റ്റ് മത്സരങ്ങൾ കളിച്ചതെല്ലാം ഏഷ്യയിലാണ്. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളുമായി ഇന്ത്യ പൊരുത്തപ്പെട്ടുവരുന്നേയുള്ളു. അതുകൊണ്ടു തന്നെ താരങ്ങൾക്കും കോഹ്ലിക്കും കുറച്ചുകൂടി സമയം നൽകേണ്ടത് അത്യാവശ്യമാണ്.

വിരാട് കോഹ്ലി മികച്ച നേതൃ ഗുണമുള്ള താരമാണെന്നും മികച്ച നായകനായി സമീപ ഭാവിയിൽ തന്നെ അദ്ദേഹം മാറുമെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു..ആരും നായകനായി  ജനിക്കുന്നില്ല. അവർക്ക് നേതാവായി വളരാനുള്ള അവസരം നൽകുകയാണ് വേണ്ടതെന്നും ഗാംഗുലി കൂട്ടിച്ചേർത്തു..

മൂന്നാം ടെസ്റ്റ് നടക്കുന്ന ജോഹന്നാസ്ബർഗിലെ പിച്ച് ബൗളർമാരെ അതിരറ്റു തുണക്കുമെന്ന് പറയുന്നു.എന്നാൽ മത്സരം തുടങ്ങിയതിനു ശേഷം മാത്രമേ പിച്ചിന്റെ യഥാർത്ഥ സ്വഭാവം നമുക്ക് മനസ്സിലാക്കാൻ സാധിക്കുകയുള്ളു. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ സ്പിന്നിനും കാര്യമായ സംഭാവന നല്കാൻ കഴിയും.എന്നാൽ പേസ് പിച്ചാണെന്നു കരുതി അഞ്ചു ബൗളർമാരെ ഇറക്കുന്നതിലും നല്ലത് ഒരു അധിക ബാറ്റ്സ്മാന്റെ സേവനം ഉറപ്പുവരുത്തന്നതായിരിക്കും-ഗാംഗുലി കൂട്ടിച്ചേർത്തു.

നിലവിൽ 124 റേറ്റിങ്ങുമായി ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാമതാണ് ഇന്ത്യ.ഇന്ത്യയ്ക്ക് തൊട്ടു താഴെയായി 118 റേറ്റിങ്ങുമായി സൗത്ത് ആഫ്രിക്കയുമുണ്ട്.