പഴയ ടീമിലേക്ക് തിരിച്ചെത്തിയതിൽ സന്തോഷം; സഞ്ജു സാംസൺ

ഐപിഎല്ലിൽ തൻ്റെ ആദ്യ ടീമായ രാജസ്ഥാൻ റോയൽസിലേക്ക് മടങ്ങിയെത്താൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ. 8 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സഞ്ജുവിനെ ലേലത്തിൽ വിളിച്ചെടുത്തത്. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിലൊരാളായി വിലയിരുത്തപ്പെടുന്ന സഞ്ജുവിന് വേണ്ടി ടീമുകൾ മത്സരിക്കുന്ന കാഴ്ചയ്ക്കാണ് ഐപിഎൽ താരലേലം സാക്ഷ്യം വഹിച്ചത് .
‘ഇതു തവാട്ടിലേക്കുള്ള മടക്കം പോലെയാണ് കാണുന്നത്. മലയാളികളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. രഹാനെയുടെ കൂടെ വീണ്ടും കളിക്കാന്‍ സാധിക്കുന്നത് സന്തോഷകരമായ കാര്യമാണ്’- ലേലത്തിന് ശേഷം മാധ്യമങ്ങളോടായി സഞ്ജു സാംസൺ പറഞ്ഞു.
കഴിഞ്ഞ വർഷം ഡൽഹി ഡെയർഡെവിൾസിനായി മികച്ച പ്രകടനം കാഴ്ചവെച്ചതാണ് സഞ്ജുവിനെ ഇത്തവണ മിന്നും വിലയുള്ള താരമാക്കി മാറ്റിയത്. രാഹുൽ ദ്രാവിഡിൻറെ പരിശീലനത്തിൽ രാജസ്ഥാൻ റോയൽസിലൂടെയാണ് സഞ്ജു സാംസൺ ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്ന നിരവധി പ്രകടനങ്ങൾ കാഴ്ചവെച്ചത്.
മറ്റൊരു മലയാളി താരമായ കരുൺ നായരെ 5.6 കോടി രൂപക്ക് കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി.