ഐ പി എൽ ഇനി മലയാളത്തിലും?? പുത്തൻ പരീക്ഷണങ്ങൾക്കൊരുങ്ങി സ്റ്റാർ സ്പോർട്സ്

January 19, 2018

നിരവധി മാറ്റങ്ങളോടെയാണ് ഐപിഎല്ലിന്റെ  11ാം എഡിഷൻ പ്രേക്ഷകർക്ക് മുന്നിലെത്താനൊരുങ്ങുന്നത്..എല്ലാ ടീമുകളിലെയും താരങ്ങളെ ഉടച്ചു വാർത്തുകൊണ്ട് പുതിയ രൂപത്തിലും ഭാവത്തിലും എത്തുകയെന്നതാണ് ഐ പി എൽ  സംഘടകരുടെ ഉദ്ദേശം.പുത്തനുണർവ് ലക്ഷ്യമിടുന്ന സംഘടകർക്കും ടീമുകൾക്കുമൊപ്പം പുതിയ പരീക്ഷണങ്ങളുമായെത്തുകയാണ് ഐ പി എൽ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ സ്പോർട്സും.ഇതുവരെ ഐപിൽ സംപ്രേക്ഷണം ചെയ്തിരുന്ന സോണിയിൽനിന്നും  റെക്കോർഡ് തുകയ്ക്കാണ് സ്റ്റാർ സ്പോർട്സ് ഐ പി എല്ലിനെ സ്വന്തമാക്കിയത്.

700 മില്യൺ കാഴ്ചക്കാരെ നേടുകയെന്ന ലക്ഷ്യത്തോടെ ഐ എസ് എൽ മാതൃകയിൽ വിവിധ ഭാഷകളിൽ ലൈവ് കവറേജ് നടത്താനാണ് ചാനൽ പദ്ധതിയിടുന്നത്.ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ തമിഴ് ,കന്നഡ, തെലുങ്കു,ബംഗാളി ഭാഷകളിൽ ലൈവ് വിവരണത്തോടൊപ്പം കളിയാസ്വദിക്കാനുള്ള അവസരമാണ് സ്റ്റാർ സ്പോർട്സ് ഒരുക്കുന്നത്.മലയാളത്തിലും കളി വിവരണമുണ്ടാവുമെന്ന് വർത്തകളുണ്ടെങ്കിലും ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല..5 വർഷത്തേക്കുള്ള ഐ പി എൽ സംപ്രേക്ഷണാവകാശം 16,347 കോടി രൂപയ്ക്കാണ് സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയത്..ആദ്യ വർഷങ്ങളിൽ ലാഭത്തേക്കാളേറെ പ്രേക്ഷകർക്ക് മികച്ച ദൃശ്യാനുഭവം നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് സ്റ്റാർ പ്രതിനിധികൾ അറിയിച്ചു.

ഐപിഎല്ലിൽ ആദ്യമായി വിർച്ചുവൽ റിയാലിറ്റി സങ്കേതം ഉപയോഗിക്കപ്പെടുന്ന 11ാം എഡിഷനിൽ ഒരു കളിക്ക് വേണ്ടി മാത്രം 8.47 മില്യൺ ഡോളറാണ് സ്റ്റാർ സ്പോർട്സ് ചിലവിടുന്നത്.
വ്യത്യസ്തമായ ഭാഷകൾ ഐ പി എല്ലിനു ഒരു വെല്ലുവിളിയായിരുന്നുവെന്നും എന്നാൽ അത്തരം ഭാഷാപരമായ പരിമിതികളെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും സ്റ്റാർ ഇന്ത്യയുടെ എംഡി സഞ്ജയ് ഗുപ്ത പറഞ്ഞു.ലോക്കലൈസേഷന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി വരുന്ന 5 വർഷങ്ങൾക്കുള്ളിൽ നിരവധി വിപ്ലവാത്മകമായ മാറ്റങ്ങൾക്ക് ഐപിൽ സാക്ഷ്യം വഹിക്കുമെന്നും സഞ്ജയ് ഗുപ്ത കൂട്ടിച്ചേർത്തു.