ബ്ലാസ്റ്റേഴ്‌സ് അപകടകാരികളാകുന്നതെങ്ങിനെ?? തുറന്നു പറഞ്ഞ് കോപ്പലാശാൻ

January 16, 2018

‘ഈ ബ്ലാസ്റ്റേഴ്‌സ് ഒരുപാട് മാറിയിട്ടുണ്ട്’…..പറയുന്നത് മറ്റാരുമല്ല..പോയ വർഷം കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ നിർണായക  തന്ത്രങ്ങളൊരുക്കിയ സാക്ഷാൽ സ്റ്റീവ്  കോപ്പൽ തന്നെ..മലയാളികൾ എന്നും സ്നേഹത്തോടെ കോപ്പലാശാൻ എന്ന് വിളിക്കുന്ന, നിലവിലെ ജംഷഡ്‌പൂർ പരിശീലകൻ സ്റ്റീവ് കോപ്പൽ  ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബ്ലാസ്‌റ്റേഴ്‌സിനെ വിലയിരുത്തിയത്. പുതിയ പരിശീലകൻ ഡേവിഡ് ജെയിംസിനെയും മുന്നേറ്റ താരം ഇയാൻ ഹ്യൂമിനെയും വാനോളം പ്രശംസിച്ച കോപ്പൽ, ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചു കെട്ടാൻ തന്നെയാകും തങ്ങളുടെ ശ്രമമെന്നും വെളിപ്പെടുത്തി.

‘തുടർ വിജയങ്ങൾ നൽകുന്ന ആത്മവിശ്വാസവുമായാണ് അവർ (കേരളാ ബ്ലാസ്റ്റേഴ്‌സ്) എത്തുന്നത്.ഡേവിഡ് ജെയിംസിന്റെ വരവോടുകൂടി ടീം ഉണർന്നു കഴിഞ്ഞു..എന്നും കഠിനാധ്വാനിയായ ഇയാന്‍ ഹ്യൂം ഇപ്പോൾ ഏറെ അപകടകാരിയായി  മാറിക്കഴിഞ്ഞു.അവരുമായി താരതമ്യപ്പെടുത്തിയാൽ ഞങ്ങൾ(ജംഷദ്പുർ എഫ് സി) പിന്നിലാണ്’.കോപ്പൽ പറഞ്ഞു.

ബ്ലാസ്‌റ്റേഴ്‌സിനെ പിടിച്ചു കെട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ജംഷഡ്‌പൂർ കളിക്കാനിറങ്ങുകയെന്നും എന്നാൽ പ്രതിരോധാത്മകമായ  സമീപനമാവില്ല കളിക്കളത്തിൽ പിന്തുടരുകയെന്നും കോപ്പൽ വ്യക്തമാക്കി. പോയിന്റ് പട്ടികയിൽ ഇപ്പോൾ പിന്നിലാണെങ്കിലും രണ്ടാം ലാപ്പിൽ വിജയങ്ങളുമായി മുന്നിലെത്തുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ച കോപ്പൽ, ടീമിൽ ചില കോമ്പിനേഷനുകൾ ഇനിയും ശരിയാകാനുണ്ടെന്നും വ്യക്തമാക്കി.