സൂപ്പർ താരം പരിക്കിന്റെ പിടിയിൽ; ഏകദിന പരമ്പരയ്ക്കു മുന്നേ ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി

ഇന്ത്യയുമായുള്ള 6 മത്സരങ്ങളുടെ ഏകദിനപരമ്പരയ്ക്കിറങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി  സൂപ്പർ ബാറ്റ്സ്മാൻ ഏബി ഡി വില്ലേഴ്‌സ് പരിക്ക്. വലതു ചൂണ്ടുവിരലിനു പരിക്കേറ്റ താരത്തിന് ആദ്യ മൂന്നു ഏകദിനങ്ങൾ നഷ്ടമാകും. വാണ്ടറേഴ്‌സിൽ നടന്ന  മൂന്നാം ടെസ്റ്റിനിടെയാണ്   ഏബി ഡി വില്ലേഴ്‌സിന് പരിക്കേറ്റത്. വിശദമായ പരിശോധനകൾക്ക് വിധേയമായ താരത്തിന് പരിക്കിൽ നിന്നും പൂർണമായും മുക്തനാവാൻ ചുരുങ്ങിയത്  2 ആഴ്ച്ചയെങ്കിലും വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ.  ജോഹന്നാസ്ബർഗിൽ ഫെബ്രുവരി 10 നു നടക്കുന്ന നാലാം ഏകദിനത്തിൽ താരം ടീമിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഏബി ഡി വില്ലേഴ്‌സിന് പകരക്കാരനെ കണ്ടെത്താൻ സെക്ടർമാർ തയ്യാറായില്ല.

ഏകദിനത്തിലെ ഒന്നാം സ്ഥാനക്കാരെ നിർണയിക്കുന്ന മത്സരത്തിൽ സൂപ്പർ താരത്തിന്റെ അഭാവം ദക്ഷിണാഫ്രിക്കക്ക് കനത്ത തിരിച്ചടിയാണെന്ന് ക്രിക്കറ്റ് നിരൂപകർ വിലയിരുത്തുന്നു. നിലവിൽ 120 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തും 119 റേറ്റിംഗുമായി ഇന്ത്യ രണ്ടാമതുമാണ്. പരമ്പരയിൽ  4 ഓ അതിലധികമോ മത്സരങ്ങൾ ജയിക്കാനായാൽ  ദക്ഷിണാഫ്രിക്കയെ പിന്തള്ളി ഇന്ത്യയ്ക്ക് ഐസിസി ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്താം