കൗമാരക്കാരുടെ ക്രിക്കറ്റ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ചുണക്കുട്ടികൾ

February 3, 2018

അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ആട്രേലിയയെ 8 വിക്കെട്ടുകൾക്ക് പരാജയപ്പെടുത്തി ഇന്ത്യ കിരീടം നേടി ക്രൈസ്റ്റ് ചർച്ചിൽ നടന്ന കലാശപ്പോരാട്ടത്തിൽ മൻജോത്  കർലയുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകർത്തു വിട്ടത്.സ്കോർ: ഓസ്‌ട്രേലിയ 216 -10(47 .2) ഇന്ത്യ 220-2 (38 .5)

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ തകർച്ചയോടെയാണ് തുടങ്ങിയത്. തുടക്കത്തിലേ വിലപ്പെട്ട മൂന്നു വിക്കെട്ടുകൾ നഷ്ടപെട്ട അവർ ജോനാഥൻ മെർലോയുടെ അർദ്ധ സെഞ്ചുറിയുടെ കരുത്തിലാണ് 216 റൺസ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഓപ്പണർമാരായി ഇറങ്ങിയ പൃഥ്വി ഷായും  മൻജോത്  കർലയും ആയാസരഹിതമായി  ബാറ്റേന്തിയതോടെ ഇന്ത്യക്ക് മികച്ച തുടക്കം കിട്ടി. 29 റണ്സെടുത്ത് പുറത്തായ പൃഥ്വി ഷായ്ക്ക് ശേഷം എത്തിയ ഷുബ്‌മാൻ ഗിൽ മൻ ജോത് കർലയ്ക്ക് മികച്ച പിന്തുണ നൽകിയതോടെ ഇന്ത്യ വിജയത്തോടടുക്കുകയിരുന്നു. 31 റൺസെടുത്ത ഷുബ്‌മാൻ ഗിൽ ഉപ്പലിന്റെ പന്തിൽ ബൗൾഡാകുകയായിരുന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ ഹാർവിക് ദേശായ്‌ക്കൊപ്പം 89 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ  മൻജോത്  കർല ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു. 102 പന്തിൽ 8 ഫോറുകളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെയാണ്  മൻജോത്  കർല 101 റണ്സെടുത്ത് ഫൈനലിലെ താരമായി മാറിയത്.

ഇത് നാലാം തവണയാണ് ക്രിക്കറ്റിലെ കൗമാരക്കാരുടെ ലോകകിരീടത്തിൽ ഇന്ത്യ മുത്തമിടുന്നത്. 2002 ൽ മുഹമ്മദ് കൈഫിന്റെ നേതൃത്വത്തിലും  2008 ൽ വിരാട് കോഹ്ലിക്ക് കീഴിലും 2012 ൽ ഉന്മുക്ത് ചന്ദിന്റെ ക്യാപ്റ്റൻസിയിലുമാണ് ഇന്ത്യ ഇതിനു മുൻപ് കിരീടം ചൂടിയത്