ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് വിജയത്തോടെ പരിസമാപ്തി; ചിത്രങ്ങൾ പങ്കുവെച്ച് വിരാട് കോഹ്ലി

February 25, 2018

ന്യൂലാൻഡിൽ നടന്ന  മൂന്നാം ടി20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന്‌ തോൽപ്പിച്ചതോടെ എട്ടാഴ്ചയോളം നീണ്ടു നിന്ന പര്യടനത്തിന് ശുഭ പര്യവസാനം..ജനുവരി 5 നു ന്യൂലാൻഡിലെ  ടെസ്റ്റ് പാരമ്പരയോടെയാണ്  ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ, കരുത്തിൽ ഏകദേശം തുല്യരെന്ന് ക്രിക്കറ്റ് നിരൂപകർ വിലയിരുത്തിയ  ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടങ്ങൾ ആരംഭിച്ചത് .ന്യൂലാൻഡിലും സെഞ്ചുറിയനിലും പരാജയം രുചിച്ചുകൊണ്ട് പര്യടനം ആരംഭിച്ച ഇന്ത്യ പക്ഷെ ജോഹ്‌ഹാനസ് ബർഗിലെ വാണ്ടറേഴ്‌സ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞുകൊണ്ട് പരമ്പരയിലേക്ക് തിരിച്ചുവന്നു.
2 -1 എന്ന സ്കോറിന് ടെസ്റ്റ് പരമ്പര നഷ്ടമായെങ്കിലും വർദ്ധിത വീര്യത്തോടെ ഏകദിന മത്സരങ്ങളിൽ പോരാടിയ ഇന്ത്യൻ ടീം ആറു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 5 -1 നാണ് സ്വന്തമാക്കിയത്.ക്യാപ്റ്റൻ കോഹ്ലിയും ധവാനും രഹാനെയുമടങ്ങുന്ന ബാറ്റിംഗ് നിരയും കുൽദീപ്-ചഹൽ സ്പിൻ ജോടിയും മികവിന്റെ പാരമ്യത്തിലെത്തിയപ്പോൾ ദക്ഷിണാഫ്രിക്ക ഞെട്ടിത്തരിച്ചു..മഴയുടെ കനിവിൽ നാലാം ഏകദിനത്തിൽ ആശ്വാസ ജയം നേടിയതു മാത്രമാണ് പ്രോട്ടീസിന് ഓർമയിൽ സൂക്ഷിക്കാനുള്ള ഏക മത്സരം
ഏകദിന പരമ്പരയുടെ തുടർച്ചനെന്നോണം കുട്ടിക്രിക്കറ്റിലും ആദ്യ മത്സരം ആധികാരികമായി വിജയിച്ച ഇന്ത്യ പക്ഷെ രണ്ടാം മത്സരത്തിൽ പരാജയപ്പെട്ടു.അവസരത്തിനൊത്ത ബാറ്റിംഗ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഡുമിനിയും ബാറ്റിംഗ് വെടിക്കെട്ടുമായി വിരുന്നൊരുക്കിയ  ക്ലാസനും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ വിജയതീരത്തേക്ക് വീണ്ടുമെത്തിച്ചത്..മൂന്നു മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിൽ  ഇരു ടീമുകളും ഓരോ മത്സരം  വീതം വിജയിച്ചതോടെ അവസാന മത്സരം അക്ഷരാർത്ഥത്തിൽ ഫൈനലായി മാറി.
മൂന്നാം ടി20 യിൽ 47 റൺസെടുത്ത ധവാന്റെയും 43 റൺസെടുത്ത റൈനയുടെയും മികവിൽ 20 ഓവറിൽ 172 റൺസ് നേടിയാണ് ഇന്ത്യ ഇന്നിംഗ്സ് അവസാനിപ്പിച്ചത്.മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ 165 റൻസിലൊതുക്കിയ ഇന്ത്യ ഏഴു റൺസ് വിജയത്തോടെ പരമ്പര സ്വന്തമാക്കുകയായിരുന്നു. ഭുവനേശ്വർ കുമാർ പരമ്പരയുടെ താരമായും റെയ്ന കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.