ഐപിൽ 2018: രാജസ്ഥാൻ റോയൽസ് നായകനെ പ്രഖ്യാപിച്ചു.

വാതുവെപ്പ് വിവാദത്തിൽ രണ്ടു വർഷത്തെ വിലക്കിനു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന രാജസ്ഥാൻ റോയൽസ് തങ്ങളുടെ നായകനെ പ്രഖ്യാപിച്ചു. 12 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ഈ വർഷം രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത്..രാജസ്ഥാൻ റോയൽസ് ടീം മാനേജ്‍മെന്റാണ് സ്മിത്തിനെ നായകനായി നിയമിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സിന്റെ ക്യാപ്റ്റനായിരുന്ന സ്മിത്ത് നായകനെന്ന നിലയിലും ബാറ്റ്സ്മാൻ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. റൈസിങ് പൂനെ ജയന്റ്‌സിനെ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിച്ച സ്മിത്ത് 472 റണ്‍സാണ് നേടിയത്. പരിചയ സമ്പത്തും യുവത്വവും ഒരുപോലെ സമന്വയിപ്പിച്ചുകൊണ്ടാണ് രാജസ്ഥാൻ റോയൽസ് മാനേജ്‍മെന്റ് ഇത്തവണ ടീമിനെ ഒരുക്കുന്നത്. ആദ്യ സീസണിൽ രാജസ്ഥാനെ കിരീടത്തിലെത്തിച്ച നായകൻ ഷെയിൻ വോണിനെ ടീമിന്റെ മെന്ററായും നിയമിച്ചിട്ടുണ്ട്..രാജസ്ഥാൻ അവസാനമായി കളിച്ച 2015 ലെ ഐപിഎല്ലിൽ ഓസ്‌ട്രേലിയയുടെ തന്നെ ഷെയിൻ വാട്സനായിരുന്നു നായകൻ.