ദക്ഷിണാഫ്രിക്കയിലെ രോഹിത്തിന്റെ മോശം പ്രകടനം; കാരണം വ്യക്തമാക്കി കെപ്ലർ വെസ്സൽസ്

February 11, 2018

ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ രോഹിത്ത് ശർമയുടെ മോശം പ്രകടനത്തിന് വിശദീകരണവുമായി മുൻ ദക്ഷിണാഫ്രിക്കൻ താരം കെപ്ലർ വെസ്സൽസ്.ഫൂട്ട് വർക്കിലെ പോരായ്മകളാണ് താരത്തിന്റെ നിരന്തരമായ പരാജയങ്ങൾക്ക് കാരണമെന്നാണ് വെസ്സൽസിന്റെ അഭിപ്രായം..
”അദ്ദേഹം(രോഹിത് ശർമ്മ) ദക്ഷിണാഫ്രിക്കൻ സാഹചര്യങ്ങളിൽ നിരന്തരം പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു.ഫൂട്ട്വർക്കിലെ സാങ്കേതിക തകരാറുകൾ മൂലമാണത്.ഓഫ് സൈഡിലേക്ക് ഫ്രണ്ട് ഫുട്ട് വച്ചാണ് രോഹിത്ത് കളിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ പിച്ചുകളില്‍ എല്ലായപ്പോഴും അപ്രതീക്ഷത ബൗണ്‍സുണ്ടാകും. ഇതു കൊണ്ടാണ്‌ രോഹിത്തിന്റെ ശരാശരി വളരെ മോശമാകാൻ കാരണം”.ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന വെസ്സൽസ് അഭിപ്രായപ്പെട്ടു..
പന്തിന് കാര്യമായ സീമും ബൗൺസുമില്ലാത്ത ഏഷ്യയിലെയും ആസ്‌ട്രേലിയയിലെയും പിച്ചുകളിൽ രോഹിത്തിന് നിലവിലെ ഫൂട്ട് വർക്ക് രീതി സ്വീകാര്യമാണെങ്കിലും ദക്ഷിണാഫ്രിക്കയിലേത് തികച്ചും വ്യത്യസ്തമായ സാഹചര്യമാണെന്നും വെസ്സൽസ് കൂട്ടിച്ചർത്തു.
ടെസ്റ്റ് പരമ്പരയിലെ നിരാശാജനകമായ പ്രകടനത്തിനു ശേഷം ഏകദിനത്തിലും മോശം ഫോം തുടർന്ന രോഹിത്ത് 4 ഏകദിനങ്ങളിൽ നിന്നായി 39 റൺസാണ് നേടിയത്.. .