അവസാന മത്സരത്തിൽ ബെംഗളുരുവിനോട് തോൽവി; ബ്ലാസ്റ്റേഴ്‌സിന് നാണംകെട്ട മടക്കം

March 1, 2018

അവസാന മത്സരത്തിൽ ബദ്ധവൈരികളായ ബെംഗളുരുവിനെതിരെ വിജയവുമായി മടങ്ങാമെന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങൾ അവസാനിച്ചു. പ്ലേ ഓഫ് പ്രതീക്ഷകൾ പൂർണമായും അവസാനിച്ച ശേഷം ബെംഗളുരുവിലെത്തിയ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സുനിൽ ഛേത്രി നയിക്കുന്ന ബെംഗളൂരു എഫ്സി തോൽപ്പിച്ചു വിട്ടത്. കളിയുടെ അധിക സമയത്തായിരുന്നു രണ്ടു ഗോളുകളും. 91ാം മിനുട്ടിൽ മിക്കുവും 93ാം മിനുട്ടിൽ ഉദാന്താ സിംഗുമാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ വല കുലുക്കിയത്.
ഗോൾ രഹിതമായി അവസാനിച്ച ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന് നിരവധി ഗോളവസരങ്ങൾ ലഭിച്ചുവെങ്കിലും അവയൊന്നും മുതലാക്കാനായില്ല . ചെന്നൈക്കെതിരായ മത്സരത്തിലേതിന് സമാനമായി നിരവധി സുവര്ണാവസരങ്ങൾ പാഴാക്കുന്ന വിനീതിന്റെ മങ്ങിയ പ്രകടനം അമ്പരപ്പോടെ നോക്കി നിൽക്കാനേ ആരാധകർക്ക് കഴിഞ്ഞുള്ളു. ആദ്യ പകുതിയിൽ ജാക്കി ചന്ദ് സിങ് നൽകിയ മനോഹരമായൊരു ക്രോസ് ബാൾഡ്വിൻസൺ വിനീതനായി നൽകിയെങ്കിലും ഒരു ഷോട്ടുതിർക്കാൻ പോലും കഴിയാതെ പന്ത് നഷ്ട്ടപ്പെടുത്തുകയായിരുന്നു വിനീത്.ഗോൾ ലക്ഷ്യമിട്ട് പല തവണ സുനിൽ ഛേത്രിയും സംഘവും ബ്ലാസ്റ്റേഴ്‌സിന്റെ ബോക്സിൽ വട്ടമിട്ടു പറന്നുവെങ്കിലും ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാനം വരെയും ഗോൾ മാത്രം അകന്നു നിന്നു.ഒടുവിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ഇരട്ട പ്രഹരവുമായി ബ്ലാസ്‌റ്റേഴ്‌സസിനെ അക്ഷരാർത്ഥത്തിൽ തകർത്തു തരിപ്പണമാക്കുകയായിരുന്നു ബെംഗളൂരു