ദക്ഷിണാഫ്രിക്കൻ പര്യടനം കണ്ണു തുറപ്പിച്ചു; വിദേശ പര്യടനങ്ങളിൽ വലിയ മാറ്റങ്ങളുമായി ബിസിസിഐ

March 12, 2018

ഇംഗ്ലണ്ടിലും,ഓസ്‌ട്രേലിയയിലുമായി ഭാവിയിൽ നടക്കാൻ പോകുന്ന വിദേശ പര്യടങ്ങളുടെ മത്സരക്രമത്തിൽ വലിയ മാറ്റങ്ങളുമായി ബിസിസിഐ. ജൂലായിൽ ഇംഗ്ലണ്ടിലും ഡിസംബറിൽ ഓസ്‌ട്രേലിയയിലും പര്യടനത്തിനെത്തുന്ന ഇന്ത്യൻ ടീം പരിമിത ഓവർ മത്സരങ്ങൾ കളിച്ച ശേഷമേ ടെസ്റ്റ് പരമ്പരകൾക്കിറങ്ങുവെന്ന് ബിസിസിഐ സി ഇ ഓ രാഹുൽ ജോഹ്‌രി അറിയിച്ചു. നേരെത്തെ ഇരു രാജ്യങ്ങളിലും ടെസ്റ്റ് പരമ്പരയോടെയായിരുന്നു ഇന്ത്യൻ ടീമിന്റെ പര്യടനം ആരംഭിക്കാൻ  തീരുമാനിച്ചിരുന്നത്. എന്നാൽ ദക്ഷിണാഫ്രിക്കയിൽ കാര്യക്ഷമമായ തയ്യാറെടുപ്പുകളില്ലാതെ ഇറങ്ങിയതിനാലാണ് പ്രോട്ടീസിനെതിരെയുള്ള ടെസ്റ്റ് പരമ്പര തോറ്റതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പരിമിത ഓവർ മത്സരങ്ങൾ കളിയ്ക്കാൻ ബിസിസിഐ നീക്കം നടത്തുന്നത്.
പരിമിത ഓവർ മത്സരങ്ങൾ കളിക്കുന്നതോടെ വിദേശ സാഹചര്യങ്ങളുമായും പിച്ചുമായും ഇന്ത്യൻ താരങ്ങൾക്ക് പൊരുത്തപ്പെടാനും കൂടുതൽ മനസ്സിലാക്കാനും കഴിയുമെന്നും ഇത് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിന്റെ മികവ് വർധിപ്പിക്കുമെന്നും ബിസിസിഐ സിഇഒ പറഞ്ഞു. പരിശീലന മത്സരങ്ങളൊന്നുമില്ലാതെ ദക്ഷിണാഫ്രിക്കയുമായി ടെസ്റ്റ് മത്സരങ്ങൾക്കിറങ്ങിയതുകൊണ്ടാണ് ഇന്ത്യയ്ക്ക് പരമ്പര നഷ്ടമായതെന്നാണ് ബിസിസിഐ അധികൃതരുടെ കണ്ടെത്തൽ…അതിനാൽ തന്നെ ദക്ഷിണാഫ്രിക്കയിൽ സംഭവിച്ച പിഴവ് ആവർത്തിക്കാതിരിക്കാനും ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നേ ഇന്ത്യൻ താരങ്ങൾക്ക് വിദേശ സാഹചര്യങ്ങളിൽ കൂടുതൽ മത്സര പരിചയം നൽകാനുമാണ് പുതിയ തീരുമാനവുമായി ബിസിസിഐ രംഗത്തെത്തിയിരിക്കുന്നത്. മത്സരക്രമം മാറ്റാനുള്ള ബിസിസിഐ അഭ്യര്ഥനയ്ക്ക് അനുകൂലമായാണ്  ഇംഗ്ലണ്ട് ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോർഡുകൾ പ്രതികരിച്ചത്.