ഐപിഎൽ 2018:അനിശ്ചിതത്വങ്ങൾക്കൊടുവിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകനെ പ്രഖ്യാപിച്ചു..

March 4, 2018


ഏറെ നാളത്തെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തങ്ങളുടെ നായകനെ പ്രഖ്യാപിച്ചു. തമിഴ് നാട്ടിൽ നിന്നുളള മുതിർന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്കാണ് ഐപിഎല്ലിന്റെ പതിനൊന്നാം സീസണിൽ കൊൽക്കത്തയെ നയിക്കുക.കഴിഞ്ഞ ഏഴു സീസണുകളിലായി കൊൽക്കത്തയുടെ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിലേക്ക് കൂടുമാറിയതോടെയാണ് കൊൽക്കത്തയ്ക്ക് പുതിയ നായകനെ കണ്ടെത്തേണ്ടി വന്നത്.
11 വർഷത്തെ ഐപിഎല്ലിനിടെ കൊൽക്കത്തയെ നയിക്കുന്ന നാലാമത്തെ ക്യാപ്റ്റനാണ് ദിനേശ് കാർത്തിക്.സൗരവ് ഗാംഗുലി, ബ്രെണ്ടൻ മക്കെല്ലം, ഗൗതം ഗംഭീർ എന്നിവരാണ് ഇതിനു മുൻപ് ഷാരൂഖ് ഖാൻ ഉടമസ്ഥനായുള്ള കൊൽക്കത്തയെ നയിച്ചിട്ടുള്ളത്. ഗൗതം ഗംഭീറിനു പകരക്കാരനായി ക്യാപ്റ്റൻസിയിൽ അതെ മികവോടെ എടുത്തുകാട്ടാൻ പാകത്തിലുള്ള മറ്റൊരു താരം ടീമിൽ ഇല്ല എന്നതായിരുന്നു കൊൽക്കത്ത ടീം മാനേജ്‍മെന്റിനെ പ്രതിസന്ധിയിലാക്കിയത്.ഓസ്‌ട്രേലിയയുടെ ക്രിസ് ലിൻ,റോബിൻ ഉത്തപ്പ എന്നിവരെയും നായക സ്ഥാനത്തേക്ക് പരിഗണിച്ച ശേഷമാണ് ദിനേശ് കാർത്തിക്കിന് നറുക്ക് വീണത്.റോബിൻ ഉത്തപ്പയാണ് ടീമിന്റെ ഉപനായകൻ.
കഴിഞ്ഞ 10 വർഷമായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന കൊൽക്കത്തയെ നയിക്കാൻ അവസരം ലഭിച്ചത് വലിയ ബഹുമതിയായാണ് കണക്കാക്കുന്നതെന്ന് കാർത്തിക് പ്രതികരിച്ചു…
“യുവത്വവും പരിചയ സമ്പത്തും ഒത്തിണങ്ങിയ ടീമാണ് ഇത്തവണ കൊൽക്കത്തയുടെ. ജാക്ക് കാലീസിന്റെ പരിശീലനത്തിന് കീഴിൽ ഒത്തിണക്കമാർന്ന ടീമായി കളിയ്ക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്.ഗൗതം ഗംഭീർ നിർത്തിയിടത്തുനിന്ന് ആരംഭിച്ച് ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിക്കാനാകും എന്റെ ശ്രമം”– കാർത്തിക് കൂട്ടിച്ചേർത്തു