ലോക ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി അഫ്ഗാൻ താരം റാഷിദ് ഖാൻ

March 1, 2018

രാജ്യാന്തര ക്രിക്കറ്റിൽ നായകനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് ഇനി അഫ്ഗാനിസ്ഥാന്റെ ബൗളിംഗ് സെൻസേഷൻ റാഷിദ് ഖാന് സ്വന്തം.  19 വയസ്സും 162 ദിവസവും മാത്രം പ്രായമുള്ള റാഷിദ് ഖാന്റെ നേതൃത്വത്തിൽ  മാർച്ച് 4 നു സ്കോട്ട്ലാൻഡിനെതിരെ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ അഫ്ഗാനിസ്ഥാൻ ഇറങ്ങുന്നതോടെയാണ് താരത്തിന് അത്യപൂർവ നേട്ടം സ്വന്തമാക്കുക . 20 വർഷവും  297 ദിവസവും പ്രായമുള്ളപ്പോൾ ബംഗ്ലാദേശ് ദേശീയ ടീമിന്റെ നായകനായ രജിൻ സലെയുടെ റെക്കോർഡാണ് റാഷിദ് ഖാന് മുന്നിൽ വഴി മാറുന്നത്. 2004  ലെ ചാമ്പ്യൻസ് ട്രോഫിയിലാണ് 20 കാരനായ രജിൻ സലെ ബംഗ്ലാദേശിനെ നായക പദം ഏറ്റെടുത്തത്.

അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ അസ്ഗർ സ്ഥാനിക്സൈക്ക്  പരിക്കേറ്റതോടെയാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായ റാഷിദ് ഖാനെ നായകനായി ടീം മാനേജ്‍മെന്റ് പ്രഖ്യാപിച്ചത്. പരിമിത ഓവർ ക്രിക്കറ്റിലും ടെസ്റ്റിലും സ്ഥിരതയോടെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന  താരമാണ് റാഷിദ് ഖാൻ. ലോകകപ്പിന് മുന്നോടിയായി നടന്ന പരിശീലന മത്സരത്തിൽ റാഷിദ് ഖാന്റെ  നായകത്വത്തിന് കീഴിൽ ഇറങ്ങിയ  അഫ്ഗാനിസ്ഥാൻ  വെസ്റ്റ് ഇൻഡീസിനെ 29 റൺസിന്  തോൽപ്പിച്ചിരുന്നു. നിലവിൽ ടി20 യിലും ഏകദിനത്തിലും ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതാണ് റാഷിദ് ഖാൻ. ഏകദിന റാങ്കിങ്ങിൽ ഇന്ത്യയുടെ ജസ്പ്രീത് ഭുംറയ്‌ക്കൊപ്പമാണ് റാഷിദ് ഖാൻ ഒന്നാം സ്ഥാനം പങ്കിടുന്നത്.ഏറ്റവും ചെറിയ പ്രായത്തിൽ തതന്നെ ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ താരമെന്ന റെക്കോർഡും റാഷിദ് ഖാന് സ്വന്തമാണ്.