സിക്സർ കിംഗ് യുവരാജിനെയും പിന്തള്ളി ഹിറ്റ്മാൻ; സിക്സുകളിൽ പുതിയ റെക്കോർഡ്

ഇന്ത്യയ്ക്ക് വേണ്ടി ടി20 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന റെക്കോർഡ് ഇനി രോഹിത് ശർമയ്ക്ക്.ശ്രീലങ്കയിൽ നടക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിൽ ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ 5 സിക്സുകളടക്കം 89 റൺസ് നേടിയ പ്രകടനമാണ് ഇന്ത്യയുടെ ഹിറ്റ്മാന് പുതിയ റെക്കോർഡ് നേടാൻ സഹായിച്ചത്. ഇതോടെ ടി20 യിൽ 75 സിക്സുകൾ അടിച്ച രോഹിത് 74 സിക്സുകൾ നേടിയ യുവരാജിന്റെ റെക്കോർഡാണ് മറികടന്നത്.സിക്സുകളുടെ കണക്കിൽ  54 സിക്സുകളുമായി സുരേഷ് റെയ്ന മൂന്നാമതും 46 സിക്സുകളുമായി ധോണി നാലാം സ്ഥാനത്തുമാണ്.

ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ  താരമെന്ന റെക്കോർഡും  ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സികസറുകൾ നേടിയ താരമെന്ന റെക്കോർഡും രോഹിത് ശർമയ്ക്ക് തന്നെയാണ്.  ഒരിന്നിംഗ്‌സിൽ 10 സിക്സുകൾ പറത്തിയ രോഹിത് 2017 ൽ  64 സിക്സുകളാണ് ആകെ നേടിയത്.2015 ൽ 63 സിക്സുകൾ നേടിയ ദക്ഷിണാഫ്രിക്കൻ താരം  എബി ഡി വില്ലേഴ്‌സിന്റെ റെക്കോർഡാണ് രോഹിത് മറികടന്നത്.