”ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആ താരം കോഹ്ലിയോളം മികച്ചവൻ”; ഗാംഗുലിയുടെ വാക്കുകൾ ഏറ്റെടുത്ത് ക്രിക്കറ്റ് ലോകം

March 22, 2018

വിരാട് കോഹ്ലിയോളം താരമൂല്യമുള്ള മറ്റൊരു ക്രിക്കറ്റർ നിലവിൽ ഇന്ത്യയിലില്ല..ബാറ്റിംഗ് റെക്കോർഡുകൾ ഓരോന്നായി സ്വന്തം പേരിലെഴുതിക്കൊണ്ട് മുന്നേറുന്ന കോഹ്ലിയാണ് നിലവിൽ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ എന്ന് അഭിപ്രായപ്പെടുന്ന നിരവധി ക്രിക്കറ്റ് പണ്ഡിതന്മാരുണ്ട്.എന്നാൽ ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകരിൽ ഒരാളായ സൗരവ് ഗാംഗുലിയുടെ അഭിപ്രായത്തിൽ വിരാട് കോഹ്ലിയോളം മികച്ച മറ്റൊരു താരം ഇന്ത്യൻ ടീമിലുണ്ട്..ടെസ്റ്റിൽ ഇന്ത്യയുടെ വിശ്വസ്തനായ, മൂന്നാം നമ്പർ ബാറ്റ്സ്മാൻ ചേതേശ്വർ പുജാരയെയാണ് കോഹ്ലിക്ക് തുല്യനായി ഗാംഗുലി കാണുന്നത്.


“കോഹ്ലിയെപ്പോലെ തന്നെ ചേതേശ്വർ പൂജാരയുടെ റെക്കോർഡും ഇന്ത്യൻ ക്രിക്കറ്റിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്തതാണ്.അയാൾ നന്നായി കളിക്കുന്നു.തുടർച്ചയായി വലിയ സ്‌കോറുകൾ കണ്ടെത്തുന്നു..എന്നിട്ടും തീരെ ശ്രദ്ധിക്കപ്പെടുന്നില്ല..”- പുജാരയെക്കുറിച്ച് ഗാംഗുലി പറഞ്ഞു.
“ടീമിലെ ഏറ്റവും മികച്ച കളിക്കാരനാണ് ടെസ്റ്റിൽ മൂന്നാം നമ്പറിൽ ഇറങ്ങുക. ഏറെ കാലം രാഹുൽ ദ്രാവിഡായിരുന്നു ആ സ്ഥാനത്ത്.എന്നാൽ ഇപ്പോൾ പുജാരയാണ് ഇന്ത്യയുടെ മൂന്നാം നമ്പറുകാരൻ. ന്യൂ ബോൾ നൽകുന്ന വെല്ലുവിളികളെ അതിജീവിക്കാനും പിന്നീട് ക്രീസിലെത്തുന്നവർക്ക് അവസരത്തിനൊത്ത് ആക്രമിച്ചു കളിക്കാനുള്ള സാഹചര്യം ഒരുക്കുന്നതും മൂന്നാം നമ്പറിൽ ഇറങ്ങുന്നവരാണ്. അതിനാൽ തന്നെ കോഹ്ലിയോളം തന്നെ ഇന്ത്യക്ക് പ്രധാനമാണ് പുജാരയും. എന്നാൽ എപ്പോഴും പൂജാര ശ്രദ്ധിക്കപെടുന്നില്ല..അയാളുടെ ബാറ്റിംഗ് റെക്കോർഡുകൾ നോക്കൂ.57 ടെസ്റ്റുകൾ കഴിഞ്ഞപ്പോൾ 14 സെഞ്ചുറികൾ പൂജാര നേടിക്കഴിഞ്ഞു.”- എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന തന്റെ ആത്മകഥ പ്രകാശനം ചെയ്യവേ ഗാംഗുലി പറഞ്ഞു.