ഗംഭീറില്ലാതെ ഡൽഹി; ടോസ് നേടിയ കൊൽക്കത്ത ബൗളിംഗ് തിരഞ്ഞെടുത്തു


ഐപിഎല്ലിൽ  ഡൽഹി ഡെയർ ഡെവിൾസിനെതിരെ ടോസ് നേടിയ കൊൽക്കത്ത   ബൗളിംഗ് തിരഞ്ഞെടുത്തു. തുടർച്ചയായ പരാജയങ്ങളുമായി കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്.അതേ സമയം അവസാന മത്സരത്തിൽ പരാജയത്തിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ കരുത്തോടെ വിജയ വഴിയിൽ തിരിച്ചെത്തുക എന്ന ലക്ഷ്യത്തോടെയാണ് കൊൽക്കത്ത ഇന്ന് കളിക്കാനിറങ്ങുന്നത്.

ഗൗതം ഗംഭീർ നായക സ്ഥാനം രാജിവെച്ചതിനു ശേഷം ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ശ്രേയസ് അയ്യർ നായകനായി അരങ്ങേറുന്ന മത്സരം കൂടിയാണ് ഇന്നത്തേത്. ആറു മത്സരങ്ങളിൽ അഞ്ചു പരാജയങ്ങളുമായി രണ്ടു പോയിന്റോടെ പട്ടികയിൽ ഏറ്റവും ഒടുവിലാണ് ഡൽഹിയുടെ സ്ഥാനം. ആറു മത്സരങ്ങളിൽ നിന്നും മൂന്നു വീതം വിജയങ്ങളും പരാജയങ്ങളുമായി ആറു പോയിന്റുമായി കൊൽക്കത്ത നാലാം സ്ഥാനത്ത് നിൽക്കുന്നു. ഫോമിലില്ലാത്ത ഗംഭീറിനും ക്രിസ്റ്റിയനും പകരം വിജയ് ശങ്കറും കോളിൻ മൺറോയും ഡൽഹി നിരയിൽ ഇറങ്ങും. കൊൽക്കത്ത നിരയിൽ  ടോം കുറാന് പകരം ഓസ്‌ട്രേലിയൻ പേസർ മിച്ചൽ ജോൺസൺ ഇന്ന് കളിക്കാനിറങ്ങും.  ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്ലയിലാണ് മത്സരം നടക്കുന്നത്