ഇൻസ്റ്റഗ്രാമിൽ മലയാളിയെ ഫോളോ ചെയ്ത് മെസ്സി…! സംഗതി മനസ്സിലാകാതെ ആരാധകർ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കോടിക്കണക്കിന് ആരാധകരുള്ള  ഫുട്ബാൾ ഇതിഹാസമാണ്   ലയണൽ മെസ്സി. ലോക ഫുട്ബാൾ ഭൂപടത്തിൽ സ്വന്തമായൊരു സ്ഥാനം കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ലാത്ത നമ്മുടെ ഇന്ത്യയിലെ   ഒരു കൊച്ചു സംസ്ഥാനമായ കേരളത്തിലും മെസ്സിയെന്ന ഫുട്ബാൾ മിശിഹായ്ക്ക് നിരവധി ആരാധകരാണുള്ളത്.  സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിൽ  90 മില്യൺ ആരാധകരുമായി സോഷ്യൽ മീഡിയയിലും സൂപ്പർ താരമാണ് മെസ്സി.

എന്നാൽ 90 മില്യൺ ആരാധകർ മെസ്സിയെ ഫോളോ ചെയ്യുന്നുണ്ടെങ്കിലും വെറും 204 പേരെ മാത്രമാണ് ഇൻസ്റ്റാഗ്രാമിൽ  മെസ്സിഫോളോ ചെയ്യുന്നത്. എന്നാൽ മെസ്സി ഫോളോ ചെയ്യുന്ന വിശിഷ്ട വ്യക്തികളുടെ കൂട്ടത്തിലേക്ക് 205ാമനായി  ഒരു മലയാളി അവിചാരിതമായി എത്തിയിരിക്കുകയാണിപ്പോൾ.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായ കോട്ടയം സ്വദേശി അഭിജിത് കുമാറിനെയാണ് മെസ്സി അബദ്ധവശാൽ ഫോളോ ചെയ്തത്. മെസ്സിയുടെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജ് അഭിജിത്തിനെ ഫോളോ ചെയ്ത സംഭവം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴി വെച്ചത്. അപ്രതീക്ഷിതമായി മെസ്സി ഫോളോ ചെയ്ത അഭിജിത്തും തന്റെ അമ്പരപ്പ് വ്യക്തമാക്കിയിരുന്നു.

അബദ്ധം മനസ്സിലായതോടെ ഒരു മിനുട്ടിനു ശേഷം അഭിജിത്തിനെ അൺഫോളോ ചെയ്തുവെങ്കിലും ഇത്തരമൊരു സംഭവം എങ്ങനെ സംഭവിച്ചു എന്ന അമ്പരപ്പിലാണ് ആരാധകർ.. ഒരു മിനുട്ട് നേരത്തേക്ക് സൂപ്പർ താരമായി  മാറിയ  അഭിജിത്തിന്  നിലവിൽ 2000 ത്തിൽ അധികം ഫോളോവെഴ്സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.