മൈതാനത്തേക്കെറിഞ്ഞ റൊട്ടിക്കഷ്ണത്തെ ചുംബിച്ച് ഓസിൽ; ലോകം മുഴുവൻ കൈയ്യടിച്ച വീഡിയോ കാണാം

കളിക്കളത്തിനകത്തും പുറത്തും മാന്യതയുടെ പ്രതിരൂപമാണ് ജർമൻ ഫുട്ബാൾ താരമായ മെസ്യൂട്ട് ഓസിൽ. കളിയിലായാലും ജീവിതത്തിലായാലും മാന്യതയുടെ അതിർ വരമ്പുകൾ വ്യക്തമായി പാലിക്കുന്ന മെസ്യൂട്ട് ഓസിൽ ഇത്തവണ ഭക്ഷണത്തിന്റെ വിലയെന്തെന് ലോകത്തെ പഠിപ്പിക്കുന്ന പ്രവർത്തിയുമായാണ് വാർത്തകളിലെ താരമായി മാറിയിരിക്കുന്നത്.

യൂറോപ്പ ലീഗിൽ  അത്ലറ്റികോ മാഡ്രിഡിനെതിരായ ആദ്യ പാദ സെമി ഫൈനലിനിടെയാണ് ലോകത്തെ മുഴുവൻ ജനങ്ങൾക്കും മാതൃകയാക്കാവുന്ന പ്രവർത്തിയുമായി ഓസിൽ കളം നിറഞ്ഞത്. മത്സരത്തിനിടെ എതിർ ടീമിന്റെ ആരാധകരിൽ ഒരാൾ മൈതാനത്തേക്ക് വലിച്ചെറിഞ്ഞ റൊട്ടി കഷ്ണം കയ്യിലെടുത്ത് ചുംബിക്കുകയും നെറ്റിയിൽ ചേർത്ത് ഭക്ഷണത്തോടുള്ള ബഹുമാനം പ്രകടമാക്കുകയും ചെയ്തുകൊണ്ടാണ് ഓസിൽ ഏവർക്കും മാതൃകയായത്.

മത്സരത്തിനിടെ കോർണർ കിക്ക് എടുക്കാനായി തയ്യാറെടുക്കവെയാണ് ഗ്രൗണ്ടിൽ കിടക്കുന്ന റൊട്ടി കഷ്ണം  ഓസിൽ കാണാനിടയായത്. റൊട്ടി കണ്ടപാടെ കിക്ക് എടുക്കുന്നതിന് പകരം ഭക്ഷണം എടുത്തു ചുംബിച്ച ശേഷം അത് മൈതാനത്തിന്റെ ഒരു വശത്തേക്കു മാറ്റിയതിന് ശേഷമാണ് ഓസിൽ കോർണർ കിക്കെടുത്തത്. ഗാലറിയിൽ തിങ്ങി നിറഞ്ഞ കാണികൾ മുഴുവൻ നിറഞ്ഞ കൈയടിയോടെയാണ് ഓസിലിന്റെ ഈ പ്രവർത്തിയെ വരവേറ്റത്.