വിക്കറ്റിനു പിന്നിൽ വീണ്ടും കാർത്തിക് മാജിക്; രഹാനയെ പുറത്താക്കിയ സ്റ്റംപിംഗ് കാണാം

വിക്കറ്റിന് പിന്നിൽ തന്റെ മിന്നുന്ന ഫോം തുടർന്ന് കൊൽക്കത്ത നായകൻ ദിനേഷ് കാർത്തിക്. മികച്ച തുടക്കവുമായി   മുന്നേറുകയായിരുന്ന രാജസ്ഥാൻ റോയൽസിന്റെ  നായകനും ഓപ്പണറുമായ അജിൻക്യ രഹാനയെ മിന്നൽ  സ്റ്റംപിംഗിലൂടെ പുറത്താക്കിയാണ് ദിനേഷ് കാർത്തിക് വീണ്ടും താരമായി മാറിയത്.

ഓസ്‌ട്രേലിയൻ താരം ജോൺ ഷോർട്ടുമൊത്ത്  രാജസ്ഥാൻ ഇന്നിംഗ്‌സിന്  ആശിച്ച തുടക്കം നൽകുകയായിരുന്ന രഹാനയെ മത്സരത്തിന്റെ ഏഴാം ഓവറിലാണ് കാർത്തിക്ക് തന്റെ അവസരോചിതമായ ഇടപെടലിലൂടെ പുറത്താക്കിയത്. വിക്കെറ്റ് നഷ്ടമില്ലാതെ ആദ്യ ആറു ഓവറുകളിൽ 54 റൺസെടുത്ത രാജസ്ഥാൻ ഓപ്പണര്മാരുടെ കൂട്ടുകെട്ട് തകർക്കുകയെന്ന ലക്ഷ്യത്തോടെ കൊൽക്കത്ത നായകൻ കാർത്തിക് ഏഴാം ഓവർ എറിയാൻ നിതീഷ് റാണയെ ഏൽപ്പിക്കുകയായിരുന്നു..  റാണയുടെ നാലാം പന്തിൽ കയറി അടിക്കാൻ ശ്രമിച്ച രഹാനെയുടെ പാഡിൽ തട്ടിയ പന്ത് ബാറ്റ്‌സ്മാനെയും കടന്ന് പിന്നലെക്കെത്തിയപ്പോൾ ഞൊടിയിട നഷ്ടപ്പെടുത്താതെ ദിനേഷ് കാർത്തിക് സ്റ്റംപ്  ചെയ്യുകയായിരുന്നു.

മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യം ഏഴു പന്തുകൾ ശേഷിക്കെ മൂന്നു വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. 48 റൺസെടുത്ത റോബിൻ ഉത്തപ്പയുടെയും 42 റൺസുമായി പുറത്താകാതെ നിന്ന ദിനേഷ് കാർത്തിക്കിന്റെയും മികവിലാണ് കൊൽക്കത്ത അനായാസ വിജയം നേടിയത്. 35 റൺസ് വീതം നേടിയ നരൈനും നിതീഷ് റാണയും മികച്ച പിന്തുണ കൂടി നൽകിയതോടെ മത്സരത്തിന്റെ ഒരു ഘട്ടത്തിലും സമ്മർദത്തിലാവാതെ തന്നെ കൊൽക്കത്ത വിജയതീരത്തെത്തി. 36 റൺസെടുത്ത അജിൻക്യ രഹാനെയുടെയും 44 റൺസെടുത്ത ഷോർട്ടിന്റെയും മികവിലാണ് രാജസ്ഥാൻ 160 റൺസെന്ന പൊരുതാവുന്ന സ്കോറിലെത്തിയത്. ഓപ്പണർമാർക്ക് ശേഷമെത്തിയ ബാറ്റ്‌സ്മാന്മാർ അവസരത്തിനൊത്തുയരാതിരുന്നതോടെയാണ് രാജസ്ഥാൻ ഇന്നിംഗ്സ് 160 റൺസിലൊതുങ്ങിയത്.  കൊൽക്കത്തയുടെ  സുനിൽ നരൈനും  കുറാനും രണ്ടു വിക്കറ്റുകൾ വീതം നേടി . വീഡിയോ കാണാം https://www.iplt20.com/video/121969