അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിനെതിരെ അഞ്ചു റൺസിന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി സൺ റൈസേഴ്‌സ് ഹൈദരാബാദ്…ജയ-പരാജയങ്ങൾ മാറി മറിഞ്ഞ മത്സരത്തിൽ ഭുവനേശ്വർ കുമാർ എറിഞ്ഞ അവസാന ഓവറാണ് അന്തിമ വിധി നിർണയിച്ചത്.
വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരായ മൻദീപ് സിങ്ങും കോളിൻ ഡി ഗ്രാൻഡ്ഹൊമ്മും ക്രീസിൽ നിൽക്കെ 12 റൺസാണ് ബാംഗ്ലൂരിന് ലാസ്റ്റ് ഓവറിൽ വേണ്ടിയിരുന്നത്.എന്നാൽ കണിശതയാർന്ന യോർക്കറുകളുമായി ഇന്ത്യൻ പേസർ ഭുവനേശ്വർ കളം നിറഞ്ഞു കളിച്ചതോടെ ബാംഗ്ലൂർ ബാറ്റ്‌സ്മാന്മാർക്ക് ബൗണ്ടറികളൊന്നും നേടാൻ കഴിയാതായി..ആദ്യ അഞ്ചു പന്തുകളിൽ നാലു സിംഗിളുകളും ഒരു ഡബ്ബിളുമടക്കം ആറു റൺസ് മാത്രമാണ് ഭുവി വിട്ടു നൽകിയത്.അവസാന പന്തിൽ ആറു റൺസ് വേണമെന്നരിക്കെ കോളിൻ ഡി ഗ്രാൻഡ് ഹോമിനെ ക്ലീൻ ബൗൾഡാക്കികൊണ്ട് ഭുവനേശ്വർ ഹൈദരാബാദിന് വിജയം സമ്മാനിക്കുകയായിരുന്നു. 10 മത്സരങ്ങളിൽ എട്ടും വിജയിച്ച ഹൈദരാബാദ് 16 പോയിന്റുമായി പ്ലേ ഓഫ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. അത്രയും മത്സരങ്ങളിൽ ഏഴിലും പരാജയപ്പെട്ട ബാംഗ്ലൂർ ടൂർണമെന്റിൽ നിന്നും ഏറെക്കുറെ പുറത്താവുകയും ചെയ്തു. 56 റൺസുമായി ഹൈദരാബാദിന്റെ ടോപ് സ്കോററായ നായകൻ കെയ്ൻ വില്ലിംസനാണ് മത്സരത്തിലെ താരം