ഐപിഎൽ കിരീടത്തോടെ ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയ അത്യപൂർവ റെക്കോർഡുകൾ ഇവയാണ്

May 28, 2018

ഐപിഎല്ലിലെ ഏറ്റവും മികച്ച ടീം ഏതെന്ന ചോദ്യത്തിന് ഇനി ഉത്തരമൊന്നേയുള്ളു. കളിക്കളത്തിലെ തന്ത്രശാലിയായ നായകൻ ക്യാപ്റ്റൻ കൂൾ നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ്..കളിച്ച ഒൻപത് ടൂര്ണമെന്റിലും  പ്ലേ ഓഫിലെത്തിയ ഏക ടീം. ഏഴു ഫൈനലുകൾ. മൂന്നു കിരീടങ്ങൾ..രണ്ടു ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങൾ..അങ്ങനെ മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത വിജയ ചരിത്രമാണ് ചെന്നൈയെ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമാക്കി മാറ്റുന്നത്..

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎല്ലിലേക് തിരിച്ചെത്തിയ ചെന്നൈ സൂപ്പർ കിങ്‌സ് ഈ സീസണിലും അവിസ്മരണീയമായ പല റെക്കോർഡുകളും സ്വന്തം പേരിലാക്കിയാണ് കളിക്കളം വിടുന്നത്. ഒരു സീസണിൽ ഒരു ടീമിനെ നാലു തവണ തോൽപ്പിക്കുന്ന ആദ്യ ടീമെന്ന ഖ്യാതിയാണ് അക്കൂട്ടത്തിൽ ഏറ്റവും തിളക്കമേറിയത്. കെയ്ൻ വില്ല്യംസൺ നയിക്കുന്ന സൺ റിസേർസ് ഹൈദെരാബാദിനെയാണ് ചെന്നൈ നാലു തവണ അടിയറവു പറയിപ്പിച്ചത്.ടൂർണമെന്റിൽ മിന്നുന്ന ഫോമിൽ കളിച്ച ഹൈദെരാബാദിനെതിരെ  നേടിയ സമ്പൂർണ വിജയം  ഒരു ടീമെന്ന നിലയിൽ ചെന്നൈ പ്രകടിപ്പിക്കുന്ന ഒത്തിണക്കത്തിന്റെയും പ്രൊഫഷണലിസത്തിന്റെയും ഫലമാണ്.

ഫൈനലിൽ ഹൈദരാബാദ് നായകൻ കെയ്ൻ വില്യംസണെ സ്റ്റമ്പ് ചെയ്ത പുറത്താക്കിയ ചെന്നൈ നായകൻ എം എസ്  ധോണിയും മറ്റൊരു സുപ്രധാന റെക്കോർഡ് സ്വന്തം പേരിലെഴുതിച്ചേർത്തു. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സ്റ്റമ്പിങ് നടത്തിയ വിക്കെറ്റ് കീപ്പർ എന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്.  175 മത്സരങ്ങളിൽ നിന്നായി വിക്കറ്റിന് 33 പേരെയാണ്  ധോണി സ്റ്റമ്പിങ്ങിലൂടെ പുറത്താക്കിയത്. 32 പേരെ പുറത്താക്കിയ  കൊൽക്കത്ത താരം റോബിൻ ഉത്തപ്പയുടെ റെക്കോർഡാണ് ധോണി മറികടന്നത്.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഓപ്പണർ ഷെയ്ൻ വാട്സൺ നേടിയ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിലാണ് സൺ റിസേർസ് ഹൈദരാബാദിനെ തോൽപ്പിച്ച് ചെന്നൈ കിരീടമുയർത്തിയത്. 57 പന്തിൽ 117 റൺസുമായി ഷ്യനെ വാട്സൺ ഹൈദരാബാദ് ബൗളർമാർക്കെതിരെ  സംഹാര താണ്ഡവമാടിയപ്പോൾ ഒൻപതു പന്തുകൾ ശേഷിക്കെ ഏഴുവിക്കറ്റിന്റെ അനായാസ വിജയവുമായാണ് ചെന്നൈ ടീം കിരീടത്തിൽ മുത്തമിട്ടത്.