ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച വെടിക്കെട്ട് ബാറ്റിംഗ്..! ഡി വില്ലേഴ്‌സിന്റെ അപൂർവ ഇന്നിംഗ്‌സ് കാണാം

May 31, 2018

സ്ഥലം ജൊഹനസ്ബർഗിലെ വാണ്ടറേഴ്‌സ് സ്റ്റേഡിയം…മത്സരത്തിലെ 39ാം ഓവറിലെ നാലാം പന്തിൽ ഏ ബി ഡി വില്ലേഴ്‌സ് ബാറ്റിങ്ങിനിറങ്ങുന്നു. 9 വിക്കറ്റുകൾ ശേഷിക്കെ  247 റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്‌സിൽ ഇനി അവശേഷിക്കുന്നത് വെറും 69 പന്തുകൾ മാത്രം..എന്നാൽ വെടിക്കെട്ട് ബാറ്റിങ്ങിൽ പുതിയ ഇതിഹാസം  എഴുതി ചേർത്ത അസാമാന്യ ഇന്നിംഗ്‌സിനാണ്  ജോഹന്നാസ്ബർഗ്ഗ് പിന്നീട്   സാക്ഷിയായത്.

നേരിട്ട ആദ്യ പന്തുമുതൽ വെസ്റ്റ് ഇന്ത്യൻ ബൗളർമാരെ ബൗണ്ടറി കടത്തുകയെന്ന ലക്ഷ്യവുമായിറങ്ങിയ   ഡിവില്ലേഴ്‌സിന്റെ ബാറ്റിൽ നിന്നും സിക്സറുകളും ബൗണ്ടറികളും പ്രവഹിച്ചപ്പോൾ ലോക ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അർദ്ധ ശതകവും ശതകവും പിറന്ന മത്സരമായി മാറുകയായിരുന്നു വാണ്ടറേഴ്‌സിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകരെ  ഒന്നടങ്കം ആശ്ചര്യപ്പെടുത്തുന്ന  ‘ഡിവില്ലേഴ്‌സ് സ്പെഷ്യൽ’ ഷോട്ടുകളാൽ സമ്പന്നമായിരുന്നു ആ  ഇന്നിംഗ്‌സ്. അക്രമണോല്സുകതയ്‌ക്കൊപ്പം ബാറ്റിംഗ് വൈദഗ്ധ്യം കൂടി പ്രകടമാക്കിയ ഡീ വില്ലേഴ്‌സ് അക്ഷരാർത്ഥത്തിൽ  ക്രിക്കറ്റിലെ സൂപ്പർമാനായി മാറിയ നിമിഷങ്ങളായിരുന്നു അത്

16 പന്തുകളിൽ നിന്നും അർദ്ധ ശതകം പൂർത്തിയാക്കി റെക്കോർഡിട്ട ഡി വില്ലേഴ്‌സ് വെറും 31 പന്തുകളിൽ നിന്നും 100 റൺസും പിന്നിട്ടാണ്  ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചത്. 44 പന്തുകളിൽ നിന്നായി 16 സിക്സറുകളുടെയും 9 ഫോറുകളുടെയും അകമ്പടിയോടെ 149 റൺസുമായി അവസാന ഓവറിൽ ഡി വില്ലേഴ്‌സ് പുറത്തായപ്പോൾ കാണികളും എതിർ ടീം അംഗങ്ങളുമടക്കം ആദരാമർപ്പിച്ചുകൊണ്ടാണ് ഈ ബാറ്റിംഗ് ഇതിഹാസത്തെ യാത്രയാക്കിയത്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സുകളിൽ ഒന്നായി ക്രിക്കറ്റ് നിരൂപകർ വിലയിരുത്തുന്ന  ഡിവില്ലേഴ്‌സിന്റെ  വെടിക്കെട്ട് ബാറ്റിങ്ങ് കാണാം.