കാണികളെ അമ്പരപ്പിച്ച ‘പറക്കും’ ക്യാച്ചുമായി സഞ്ജു സാംസൺ

ഐപിഎൽ ആരാധകരെ അമ്പരപ്പിക്കുന്ന ‘പറക്കും’ ക്യാച്ചുമായി രാജസ്ഥാൻ റോയൽസിന്റെ മലയാളി താരം സഞ്ജു സാംസൺ..മുംബൈക്കെതിരെ നടന്ന മത്സരത്തിലാണ് ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചുകളിൽ ഒന്നായി വിലയിരുത്തപ്പെടുന്ന ക്യാച്ചുമായി സഞ്ജു സാംസൺ ശ്രദ്ധാ കേന്ദ്രമായി മാറിയത്.ചോരാത്ത കൈകളുമായി വിക്കറ്റിന് പിന്നിൽ ഇതിനു മുൻപും തന്റെ ഫീൽഡിങ് പാടവം പ്രകടമാക്കിയിട്ടുള്ള സഞ്ജു പക്ഷെ ഇത്തവണ ബൗണ്ടറി ലൈനിനു തൊട്ടടുത്ത് നിന്നാണ് ഒരു അത്ഭുത ക്യാച്ചിലൂടെ മുംബൈ താരം ഹർദിക് പാണ്ഡ്യയെ പുറത്താക്കിയത്.
മത്സരത്തിന്റെ അവസാന ഓവറിൽ രാജസ്ഥാൻ താരം ബെൻ സ്റ്റോക്സ് എറിഞ്ഞ പന്തിനെ ബൗണ്ടറി ലക്ഷ്യമാക്കി അടിച്ചകറ്റിയ ഹർദിക് പാണ്ഡ്യയെപോലും അത്ഭുതപ്പെടുത്തികൊണ്ട് സഞ്ജു സാംസൺ ക്യാച്ച് കൈപ്പിടിയിലൊതുക്കുകയായിരുന്നു. 20 പന്തിൽ നിന്നും 36 റൺസുമായി മികച്ച ഫോമിൽ നിൽക്കുമ്പോഴാണ് സഞ്ജു സ്പെഷ്യൽ ക്യാച്ച് ഹാർദിക്കിന്റെ വിധി എഴുതിയത്.

മത്സരത്തിൽ മുംബൈ ഉയർത്തിയ 169 റൺസ് വിജയ ലക്ഷ്യം 18 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ തന്നെ രാജസ്ഥാൻ മറികടന്നു.94 റൺസുമായി പുറത്തതാകാതെ നിന്ന ഓപ്പണിങ് ബാറ്റ്‌സ്‌മാൻ ജോസ് ബട്ട്ലറിന്റെ മികവിലാണ് രാജസ്ഥാൻ അനായാസ വിജയം നേടിയത്