എം കെ അർജുനൻ മാസ്റ്ററുടെ കൈ പിടിച്ചാണ് ദിലീപ് എന്ന കൊച്ചു പയ്യൻ സംഗീത ലോകത്തേക്ക് പിച്ചവെച്ചത്. ദിലീപ് എന്ന കൊച്ചു പയ്യനിൽ നിന്നും ഏ ആർ റഹ്മാൻ എന്ന വിശ്വ വിഖ്യാതനായ സംഗീത മന്ത്രികനിലേക്കുള്ള അത്ഭുത യാത്രയ്ക്ക് ദിശാ ബോധം നൽകിയ ഗുരുനാഥനാണ് എം കെ അർജുനൻ മാസ്റ്റർ.. റഹ്മാൻ മാജിക്ക് ലോകം അറിയുന്നതിനും ഏറെ മുൻപ് തന്നെ റഹ്മാനിൽ ഒളിഞ്ഞിരിക്കുന്ന സംഗീത മാന്ത്രികനെ കണ്ടെത്തിയതും അർജുനൻ മാസ്റ്റർ തന്നെയായിരുന്നു. പിന്നീട് ഇന്ത്യൻ സംഗീതപ്പെരുമ ഓസ്‌കാറിന്റെ നെറുകയിലെത്തിച്ച മഹാരഥനായി ഏ ആർ റഹ്മാൻ വാഴ്ത്തപ്പെട്ടപ്പോൾ എം കെ അർജുനൻ മാസ്റ്റർ എന്ന സംഗീത പ്രതിഭയുടെ ദീർഘവീക്ഷണമാണ് തെളിഞ്ഞു കണ്ടത്.
വർഷങ്ങൾക്ക് ശേഷം ലോകം കീഴടക്കിയ സംഗീത മന്ത്രികനായി നിറഞ്ഞു നിൽക്കേ, തന്നെ സംഗീത ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ അർജുനൻ മാസ്റ്റർക്ക് ആദരമർപ്പിച്ചിരിക്കുകയാണ് ഏ ആർ റഹ്മാൻ. ഫ്ളവേഴ്സ് ഒരുക്കിയ ഏ ആർ റഹ്മാൻ ഷോയുടെ വർണ്ണാഭമായ വേദിയിൽ വെച്ചാണ് ലോകം കീഴടക്കിയ ശിഷ്യനും അതിന് ഊടും പാവും നെയ്ത ഗുരുവും ഒരിക്കൽ കൂടി ഒന്നിച്ചത്.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നായി സംഗീത നിശ ആസ്വദിക്കാനെത്തിയ ആയിരക്കണക്കിന് സംഗീത പ്രേമികളെ സാക്ഷിയാക്കിയാണ് ഏ ആർ റഹ്മാൻ തന്റെ ഗുരുവായ അർജുനൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ആദരിച്ചത്.
ശിഷ്യനിൽ നിന്നും ആദരമേറ്റു വാങ്ങിയ അർജുനൻ മാസ്റ്റർ ഏ ആർ റഹ്മാനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചുകൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്.ഏ ആർ റഹ്മാന്റെ പിതാവ് ആർ കെ ശേഖർ ഈണം നൽകിയ “മനസ്സ് മനസ്സിന്റെ കാതിൽ” എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഈരടികൾ മൂളാനും അർജുനൻ മാസ്റ്റർ എന്ന മഹാഗുരു മറന്നില്ല.
Home Uncategorized ശിഷ്യൻ ഒരുക്കിയ വേദിയിൽ ഗുരുവിന് ആദരം; ധന്യ മുഹൂർത്തങ്ങൾക്ക് സാക്ഷിയായി ഏ ആർ റഹ്മാൻ ഷോ