പുറത്താകുമോ മെസ്സിയും കൂട്ടരും..? ലോകകപ്പിൽ അർജെന്റിനയുടെ ഭാവി ഇങ്ങനെ

June 22, 2018

4 വർഷങ്ങൾക്ക്  മുൻപ് മാരക്കാനയിൽ പൊലിഞ്ഞുപോയ  സ്വപ്നം സാക്ഷാത്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലയണൽ മെസ്സിയും സംഘവും റഷ്യയിലെത്തിയത്. എന്നാൽ ആദ്യ മൽസരത്തിൽ ഐസ്ലാൻഡുമായി സമനില പിണഞ്ഞ അർജന്റീന രണ്ടാം അങ്കത്തിൽ ക്രൊയേഷ്യക്കെതിരെ തകർന്നടിയുകയായിരുന്നു. നിസ്‌നി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് മോഡ്രിച്ചും കൂട്ടരും മെസ്സിപ്പടയെ കെട്ടുകെട്ടിച്ചത്.

ചോരുന്ന പ്രതിരോധവും ഭാവനാ ശൂന്യമായ മധ്യനിരയും അലസമായ മുന്നേറ്റനിരയുമാണ് അർജന്റീനൻ ദുരന്തത്തിന് കോപ്പുകൂട്ടിയ ഘടകങ്ങൾ.കാൽപ്പന്തു കളിയിലെ മഹാ മന്ത്രികനെന്ന് ലോകം വാഴ്ത്തിപ്പാടുന്ന സാക്ഷാൽ ലയണൽ മെസ്സിയെ വെറുമൊരു കാഴ്ചക്കാരനാക്കി മാറ്റിയാണ് സ്ലാറ്റ്കോ  ഡാലിക് പരീശീലിപ്പിക്കുന്ന ക്രൊയേഷ്യൻ നിര സംഹാര താണ്ഡവമാടിയത്.

രണ്ടു കളികളിൽ ഒരു സമനിലയും ഒരു തോൽവിയുമായി നിലവിൽ ഗ്രൂപ്പ് ഡി യിൽ മൂന്നാം സ്ഥാനത്തു നിൽക്കുന അർജന്റീന ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറണമെങ്കിൽ ഇനി അത്ഭുതങ്ങൾ സംഭവിക്കണം. അവസാന മത്സരത്തിൽ നൈജീരിയയെ മികച്ച ഗോൾ മാർജിനിൽ തോൽപ്പിക്കുകയും ഗ്രൂപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ തങ്ങൾക്കനുകൂലമാകുകയും ചെയ്താലേ ജോർജ് സാംപോളിയുടെ ടീമിന് മുന്നേറാനാകൂ.

ഗ്രൂപ്പ് ഡി യിലെ അർജന്റീനയുടെ സാധ്യതകൾ ഇങ്ങനെ  

  • ഇന്ന് നടക്കുന്ന ഐസ്ലാൻഡ്- നൈജീരിയ മത്സരത്തിൽ ഐസ്ലാൻഡ് പരാജയപ്പെടുകയോ സമനില വഴങ്ങുകയോ ചെയ്യണം
  • ജൂൺ 26 നു നടക്കുന്ന ക്രോയേഷ്യ-ഐസ്ലാൻഡ് മത്സരത്തിൽ ക്രോയേഷ്യ  വിജയിക്കണം
  • അവശേഷിക്കുന്ന മത്സരത്തിൽ നൈജീരിയയെ  അർജന്റീന മികച്ച ഗോൾ മാർജിനിൽ പരാജയപ്പെടുത്തണം

നിലവിൽ മൈനസ് 3  ഇന്റെ ഗോൾ വ്യതാസത്തിൽ നിൽക്കുന്ന അർജന്റീനക്ക് നൈജീരിയക്കെതിരെ മികച്ച മാർജിനിലുള്ള വിജയം അനിവാര്യമാണ്. അതോടൊപ്പം ഐസ്ലാൻഡ് സമനില പിണയുകയോ വലിയ വ്യതാസത്തിൽ പരാജയപ്പെടുക കൂടി ചെയ്താലേ മെസ്സിയുടെ സംഘത്തിന് പ്രതീക്ഷക്ക് വകയുള്ളു.

എന്നാൽ പെനാൽറ്റി ബോക്സിൽ പ്രതിരോധകോട്ട  തീർക്കുന്ന ഐസ്ലാൻഡിന്റെ  ലോകകപ്പിലെ  മുന്നേറ്റം പ്രവചിക്കുക അസാധ്യമാണ്. അതോടൊപ്പം തന്നെ ചോരുന്ന പ്രതിരോധവുമായി,  താളം പിഴച്ച നായകന് കീഴിൽ ഇറങ്ങുന്ന അർജന്റീനക്ക്  പ്രീ-ക്വാർട്ടറിൽ   എത്രകണ്ട് വിജയം കൈവരിക്കാനാകും എന്നതും ചിന്തനീയമാണ്