ഫുട്ബാൾ ആരാധകരെ ത്രസിപ്പിച്ച കുട്ടീഞ്ഞോയുടെ മാജിക്കൽ ഗോൾ; വീഡിയോ


ഫുട്ബോളിനെ ജീവവായു പോൽ  സ്‌നേഹിക്കുന്നവരാണ് ബ്രസീലിയൻ ജനത.അതുകൊണ്ട് തന്നെ ലോകകപ്പ് വേദിയിൽ  വിജയത്തിൽ കുറഞ്ഞ ഒരു മത്സരഫലവും അവരെ   സന്തോഷിപ്പിക്കുകയില്ല… ഇന്നലെ സ്വിറ്റസർലണ്ടിനെതിരെ ആദ്യ മത്സരത്തിനിറങ്ങുമ്പോൾ മുൻ ലോകചാമ്പ്യന്മാരുടെ ലക്ഷ്യവും ഒരു വിജയത്തുടക്കം തന്നെയായിരുന്നു.പക്ഷെ സൂപ്പർ താരം നെയ്മറിനെ കത്രികപ്പൂട്ടിട്ട് പൂട്ടി സ്വിസ് പ്രതിരോധവും മധ്യനിരയും തികഞ്ഞ പോരാട്ടവീര്യം പുറത്തെടുത്തപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു.

എത്ര പരുക്കൻ അടവുകൾ പുറത്തെടുക്കേണ്ടി വന്നാലും സൂപ്പർ താരം നെയ്മറിനെ കളിയ്ക്കാൻ അനുവദിക്കാതിരിക്കുക എന്നതായിരുന്നു സ്വിസ് തന്ത്രം. സംഘടിതമായുള്ള  ഫിസിക്കൽ ഗെയിമിലൂടെ നെയ്മറിനെ തടഞ്ഞു നിർത്തിയ സ്വിസ് താരങ്ങൾ പല തവണ ബ്രസീൽ പ്രതിരോധ നിരയെ പരീക്ഷിക്കുകയും ചെയ്തു

മത്സരഫലത്തിൽ ബ്രസീൽ ആരാധകർ അത്ര സന്തുഷ്ടരല്ലെങ്കിലും 20ാം മിനുട്ടിൽ ഫിലിപ്പ് കുട്ടീഞ്ഞോ നേടിയ മാജിക്കൽ ഗോൾ ആരാധകരെ ആവേശത്തിലാഴ്ത്തുന്നതായിരുന്നു. പെനാൽറ്റി ബോക്സിനു പുറത്തുനിന്നും കുട്ടീഞ്ഞോ തൊടുത്തുവിട്ട സൂപ്പർ ഷോട്ട് ഗോൾ പോസ്റ്റിന്റെ ഇടത്തെ ബാറിൽ തട്ടി അകത്തു കയറിയപ്പോൾ ഗ്യാലറിയിലെ  മഞ്ഞക്കടൽ ഒന്നാകെ ആർത്തിരമ്പി..വീഡിയോ കാണാം.

ഒരു ഗോൾ ലീഡുമായി രണ്ടാം പകുതി ആരംഭിച്ച ബ്രസീലിനെ ഞെട്ടിച്ചുകൊണ്ട്   അൻപതാം മിനുട്ടിൽ സ്വിറ്റ്‌സർലാൻഡ്  സമനില ഗോൾ നേടി. ഷാക്കിരി ഉയർത്തി നൽകിയ കോർണർ കിക്ക് കൃത്യമായി ബ്രസീൽ വലയിൽ നിക്ഷേപിച്ച സ്റ്റീവൻ സുബെറാണ് ഹെഡർ ഗോളിലൂടെ സ്വിസ് ടീമിന്റെ ഹീറോയായി മാറിയത്