റോണോ..ദി ഗ്രേറ്റ്..! സ്പെയിനിനെതിരെ ഹാട്രിക്ക് നേടിയ റോണോ മാജിക് കാണാം

June 16, 2018


റഷ്യയിലെ സോച്ചി സ്റ്റേഡിയത്തിൽ  ക്രിസ്റ്റ്യാനോ റൊണാൾഡോയും സ്പെയിനും തമ്മിലായിരുന്നു യഥാർത്ഥ മത്സരം…ഒന്നുകൂടി വ്യക്തമാക്കിയാൽ, റോണോയെന്ന മാന്ത്രിക സ്‌ട്രൈക്കറും സ്പെയിനിന്റെ പ്രതിരോധവും തമ്മിൽ…മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ സ്പെയിനിന്റെ പെനാൽറ്റി ബോക്സിലേക്ക് ഇരച്ചു കയറിയ റോണോയെ ഫൗളിലൂടെ തടഞ്ഞു നിർത്താൻ ശ്രമിച്ചതോടെ റഫറി പെനാൽറ്റി കിക്കിനായി വിസിലുയർത്തി.ലോകത്തെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഡേവിഡ് ഗിയയെ നിഷ്പ്രഭനാക്കി റോണോ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചപ്പോൾ അഞ്ചാം മിനുട്ടിൽ സ്കോർബോർഡിൽ ഇങ്ങനെ തെളിഞ്ഞു..പോർച്ചുഗൽ 1 സ്പെയിൻ 0

അപ്രതീക്ഷിതമായിരുന്നു ആ ഗോൾ..തെല്ലൊന്ന് അമ്പരന്നുവെങ്കിലും മൈതാനമധ്യത്ത് കളിയുടെ നിയന്ത്രണം ഏറ്റെടുത്ത സ്പെയിൻ പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി.ഒടുവിൽ നായകൻ റാമോസ് നീട്ടി നൽകിയ പന്തുമായി കുതിച്ച ഡീഗോ കോസ്റ്റ സ്പെയിനിനായി സമനില ഗോൾ നേടി..എന്നാൽ സമനിലയോടെ ആദ്യ പകുതി അവസാനിപ്പിക്കാം എന്ന് കരുതിയ സ്പെയിനിനെതിരെ വീണ്ടും റോണോ മാജിക് ആവർത്തിച്ചപ്പോൾ നാല്പത്തിനാലാം മിനുട്ടിൽ പോർച്ചുഗൽ  മുന്നിലെത്തി..പെനാൽറ്റി ബോക്സിനു തൊട്ടു പുറത്തു നിന്നും റോണോ പായിച്ച ഷോട്ട് കൈപ്പിടിയിലൊതുക്കാനാകാതെ പതറുന്ന ഡി ഗിയ ഫുട്ബാൾ ആരാധകരെ ഒന്നടങ്കം അമ്പരപ്പിക്കുന്ന കാഴ്ചയായിരുന്നു.

ഒരു ഗോളിന് പിന്നിലായെങ്കിലും രണ്ടാം പകുതിയിൽ സ്പാനിഷ് പടയുടെ തേരോട്ടം തന്നെയായിരുന്നു. മനോഹരമായ പാസിംഗ് ഗെയിമിലൂടെ മധ്യ നിരയിൽ കളി മെനഞ്ഞ സ്പെയിൻ മൂന്നു മിനുട്ടിനിടെ രണ്ടു ഗോളുകൾ തിരിച്ചടിച്ച് കളിയിൽ മുന്നിലെത്തി..ആദ്യ ഗോൾ നേടിയ ഡീഗോ കോസ്റ്റയും നാച്ചോയുമാണ് സ്പെയിനിനായി വല കുലുക്കിയത്..

ഇനി റോണോയ്ക്ക് മാത്രമേ എന്തെങ്കിലും ചെയ്യാൻ സാധിക്കുവെന്ന് ആരാധകർ ഒന്നടങ്കം മനസ്സിലാക്കി തുടങ്ങിയ നിമിഷങ്ങളായിരുന്നു പിന്നീട്. റോണോയുടെ മാന്ത്രിക കാലുകൾ തീർക്കുന്ന വിസ്മയ ഗോളിനായാണ് പിന്നീട് പോർച്ചുഗൽ ആരാധകർ കാത്തിരുന്നത്.ഒടുവിൽ 88 ാം മിനുട്ടിൽ അത് സംഭവിച്ചു.റോണോയെ വീഴ്ത്തിയതിന് പകരമായി ലഭിച്ച ഫ്രീകിക്ക്….മത്സരത്തിൽ സമനില പാലിക്കാനുള്ള അവസാന അവസരം..! ഒരു മാത്ര കണ്ണടച്ച് ധ്യാന നിരതനായ റോണോ കിക്കെടുത്തു..റാമോസും പിക്ക്വയും നിരന്നു നിൽക്കെ, ഗോൾ കീപ്പർ ഗിയയെ കാഴ്ചക്കാരനാക്കി മഴവില്ലു പോലെ പന്ത് വലയിലേക്കിറങ്ങി.സ്കോർ പോർച്ചുഗൽ 3 സ്പെയിൻ 3 .സോച്ചി സ്റ്റേഡിയം ഒന്നടങ്കം ആർത്തു വിളിച്ചു..റോണോ ..റോണോ….ഹാട്രിക്കുമായി തന്റെ ടീമിന് വിജയത്തോളം മധുരമുള്ള സമനില സമ്മാനിച്ച് സോച്ചി സ്റ്റേഡിയത്തോട് താത്കാലികമായി വിട പറയുമ്പോൾ റോണോ ചിരിച്ചു….ഇത് വെറുമൊരു തുടക്കം മാത്രമെന്ന് പറയാതെ പറയുന്ന കള്ളചിരി..