പ്രതിരോധക്കോട്ടയിൽ കാലിടറി മെസ്സിപ്പട;അർജന്റീന-ഐസ്ലാൻഡ് മത്സരം സമനിലയിൽ


അഗ്ഗുറോ,ഡി മരിയ, ഹിഗ്വിൻ, മഷെറാനോ കൂട്ടിന് ലോകത്തെ ഏറ്റവും മികച്ചവനെന്നു വാഴ്ത്തപ്പെടുന്ന ലയണൽ മെസ്സി…ആയുധങ്ങൾ ഏറെയുണ്ടായിരുന്നു അർജന്റീനയുടെ പക്കൽ..എന്നിട്ടും ഐസ്ലാൻഡ് എന്ന ‘കുഞ്ഞന്മാർ’ ഒരുക്കിയ പ്രധിരോധക്കോട്ട പൊളിക്കാൻ കഴിയാതെ, സമനിലയുമായി ലയണൽ മെസ്സിയും സംഘവും കളിക്കളം വിട്ടു.. 63ാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി ഗോളാക്കി മാറ്റാൻ കഴിയാതെ പോയ മെസ്സി തന്നെയാണ് അർജന്റീനയുടെ ദുരന്ത നായകൻ…ആർത്തിരമ്പിയെത്തിയ അർജന്റീനൻ മുന്നേറ്റങ്ങളെ ഒന്നൊഴിയാതെ നിർവീര്യമാക്കിയ ഐസ്ലാൻഡ് പ്രതിരോധത്തിന് നൂറിൽ നൂറു മാർക്ക് കൊടുക്കാം..മെസ്സിയടിച്ച പെനാൾട്ടിയുൾപ്പെടെ ഗോളെന്നുറപ്പിച്ച പല ഷോട്ടുകളും തടഞ്ഞിട്ട ഐസ്ലാൻഡ് ഗോളി ഹൾഡോർസൺ തന്നെയാണ് കളിയിലെ താരമെന്നും നിസ്സംശയം പറയാം..
പക്ഷെ ലോകം പലകുറി കണ്ട മാന്ത്രിക നീക്കങ്ങളുടെ ലാഞ്ചന പോലും കാണിക്കാതെ, ഐസ്ലാൻഡ് ഒരുക്കിയ പത്മവ്യൂഹത്തിൽ പതറിപ്പോയ ലയണൽ മെസ്സി, തന്റെ പ്രതിഭയുടെ നിഴൽ മാത്രമായി ഒതുങ്ങിയെന്നതാണ് മത്സരഫലത്തിൽ നിർണായകമായത്

19ാം മിനുട്ടിൽ അഗ്യൂറോയുടെ അർജെന്റീനയാണ് മുന്നിലെത്തിയത്.എന്നാൽ 23ാം മിനുട്ടിൽ ഫിൻബോഗാസണിലൂടെ ഐസ്ലാൻഡ് ഒപ്പമെത്തി..രണ്ടാം ഗോളിനായുള്ള അർജന്റീനയുടെ നിരന്തരമുള്ള ശ്രമങ്ങൾക്കിടെയാണ് 63ാം മിനുട്ടിൽ നിർണ്ണായകമായ പെനാൽട്ടി ലഭിക്കുന്നത്..

ഒരു രാജ്യത്തിൻറെ ഒന്നടങ്കം പ്രാർത്ഥനയുടെയും പ്രതീക്ഷകളുടെയും ഭാരവുമായി സാക്ഷാൽ ലയണൽ മെസ്സി കിക്കെടുത്തു..അതി സമ്മർദ്ദം ആ മാന്ത്രിക കാലുകളുടെ ശക്തി ചോർത്തിയതുപോലെ തോന്നിച്ച ദുർബലമായ ഷോട്ട് ഐസ്ലാൻഡ് ഗോളി തടുത്തിട്ടപ്പോൾ ലോകം മുഴുവനുമുള്ള അർജന്റീനൻ ആരാധകർ അവിശ്വസനീയതോടെ നോക്കി നിന്നു.അവസാന വിസിലിനു തൊട്ടുമുൻപ് മെസ്സിക്ക് ഒരു ഫ്രീകിക്ക് കൂടി ലഭിച്ചപ്പോൾ ആരാധകർ ഒരിക്കൽ കൂടി ഒരു അത്ഭുതം പ്രതീക്ഷിച്ചതാണ്.പക്ഷെ ഇന്ന് മെസ്സിയുടെ ദിവസമായിരുന്നില്ല.ഐസ്ലാൻഡ് പ്രതിരോധത്തിൽ തട്ടിത്തെറിച്ച പന്തിനെ നിരാശയോടെ ആകാശത്തേക്കടിച്ചകറ്റി കളിക്കളം വിട്ട ലയണൽ മെസ്സിയായിരുന്നു അർജന്റീന- ഐസ്ലാൻഡ് മത്സരത്തിലെ ഏറ്റവും നിരാശകരമായ കാഴ്ച..