കൊച്ചിയെ സംഗീത ലഹരിയിലാഴ്ത്തി ഫ്ളവേഴ്‌സ് ഏ ആർ റഹ്മാൻ ഷോ !

June 23, 2018

കൊച്ചിയെ സംഗീത ലഹരിയിലാഴ്ത്തി ഫ്ളവേഴ്‌സിന്റെ ഏ ആർ റഹ്മാൻ ഷോ. റഹ്മാൻ മാജിക്കിൽ പിറന്ന വിഖ്യാത ഗാനങ്ങൾ കൊച്ചിയിലെ അഡ്‌ലക്സ് കോൺവെൻഷൻ സെന്ററിൽ ഒരിക്കൽ കൂടി പുനർജനിച്ചപ്പോൾ കേരളക്കരയിൽ പിറന്നത് പുതിയ സംഗീത ചരിത്രം..

റഹ്മാൻ മാജിക്കിന് സാക്ഷിയാകാൻ എത്തിയ ആയിരക്കണക്കിന് സംഗീത പ്രേമികളെ അക്ഷരാർത്ഥത്തിൽ സംഗീത ലഹരിയിലാഴ്ത്തികൊണ്ടാണ് രണ്ടു ദിവസം നീളുന്ന മാന്ത്രിക രാവിന് തുടക്കം കുറിച്ചിരിക്കുന്നത്.

സംഗീത ചക്രവർത്തിയുടെ വിസ്മയ രാഗങ്ങൾ ആസ്വദിക്കാനായി കേരളത്തിലെ പതിനാലു ജില്ലകളിൽ നിന്നും,ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും, വിദേശ രാജ്യങ്ങളിൽ നിന്നും വരെ സംഗീത പ്രേമികൾ കൊച്ചിയിലെത്തുകയായിരുന്നു.

ലോകോത്തര ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഏ ആർ റഹ്മാൻ ജീവൻ നൽകിയ ഗാനങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദൃശ്യ ശ്രവ്യ സങ്കേതങ്ങളുമായി അരങ്ങേറിയ സംഗീത രാവിലൂടെ മലയാളികൾക്ക് ആസ്വാദനത്തിന്റെ പുത്തൻ അനുഭൂതികൾ പ്രദാനം ചെയ്യുകയായിരുന്നു ഫ്ളവേഴ്സ് .

ബെന്നി ദയാൽ, ഹരിചരൻ സെഷാദ്രി, മിന്മിനി, ശ്വേതാ മോഹൻ, നീതി മോഹൻ, ജോനികാ ഗാന്ധി, റയ്ഹാന, ഇസ്രത് ഖാദ്രി, സാഷാ കിരൺ തിരുപതി, ജാവേദ് അലി, ദിൽഷാദ് ഷാബിർ അഹമ്മദ്, അൽഫോൻസ് ജോസഫ്. ജോർജ്ജ് പീറ്റർ തുടങ്ങിയ പ്രിയ ഗായകരാണ് റഹ്മാൻ മാജിക്കിനോപ്പം സംഗീത പ്രേമികളെ വിസ്മയിപ്പിക്കുന്നത്.

സിരകളിൽ ലഹരി തീർക്കുന്ന സംഗീതത്തിനൊപ്പം മനം മയക്കുന്ന നൃത്തച്ചുവടുകൾ കൂടി സമ്മേളിച്ചതോടെ പകരം പകരം വെക്കാനില്ലാത്ത ദൃശ്യ-ശ്രവ്യ വിരുന്നിനാണ് കൊച്ചി സാക്ഷിയായത്.

ഇന്ന് വൈകീട്ട് ആറു മണിക്ക് ആരംഭിച്ച ഷോ കാണാനായി ഉച്ച മുതലേ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിലേക്ക് ജനം പ്രവഹിച്ചു തുടങ്ങിയിരുന്നു. സംഗീത മാന്ത്രികനെ നേരിൽ കാണാനും വിസ്മയ രാവിന് സാക്ഷ്യം വഹിക്കാനുമായി കൊച്ചിയിലെത്തിയ സംഗീത പ്രേമികൾക്ക് എന്നെന്നും ഓർത്തുവെക്കാനുള്ള നിരവധി മുഹൂർത്തങ്ങളാണ് സംഗീത മാന്ത്രികനും കൂട്ടരും ഒരുക്കിയത്.രണ്ടു ദിവസങ്ങളിലായി ഒരുക്കിയ ഫ്ള വേഴ്സ് ഏ ആർ റഹ്മാൻ ഷോ നാളെയും (24 -06-18 ഞായർ) അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ അരങ്ങേറും