അർജന്റീന-ഫ്രാൻസ് പോരാട്ടം;നേർക്കുനേർ മത്സരങ്ങളിലെ കണക്കുകൾ പരിശോധിക്കാം

ഇനി സമനിലകൾക്ക് സ്ഥാനമില്ല..ഒന്നുകിൽ വിജയം..അല്ലെങ്കിൽ മടക്കം..കളിക്കളത്തിൽ വരുത്തുന്ന ഒരു ചെറിയ പിഴവിന് പോലും പകരമായി കൊടുക്കേണ്ടി വരുന്നത് ഒരു രാജ്യത്തിൻറെ ഒന്നടങ്കം സ്വപ്നങ്ങളും പ്രതീക്ഷകളുമായിരിക്കും..ഗോളടിക്കുന്നവർ..അടിപ്പിക്കുന്നവർ…എതിരാളികൾക്ക് കൂച്ചുവിലങ്ങിടുന്നവർ..ഗോളെന്നുറപ്പിച്ച ഷോട്ടുകൾ തടുത്തിടുന്നവർ എല്ലാവരും ഇനി വീരനായകന്മാരായി വാഴ്ത്തപ്പെടും…വിജയിക്കുന്നവർ വാനോളമുയർത്തപ്പെടും..കാലിടറിയവർ വിസ്മരിക്കപ്പെടും..


വിജയിക്കുക അല്ലെങ്കിൽ കീഴടങ്ങുക എന്ന നോക്ക്ഔട്ട് തത്വം മനസ്സിലുറപ്പിച്ചുകൊണ്ടു തന്നെയാണ് മെസ്സിയുടെ അർജന്റീനയും ഗ്രീസ്മാന്റെ ഫ്രാൻസും ഇന്ന് പ്രീക്വാർട്ടറിനിറങ്ങുന്നത്..കടലാസിലെ  കരുത്ത് പൂർണമായും കളിക്കളത്തിൽ പ്രകടമാക്കാൻ ഇരു ടീമുകൾക്കും ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും  സൂപ്പർ താര നിരകളുടെ ഇന്നത്തെ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്..
അർജന്റീന-ഫ്രാൻസ്- നേർക്കു നേർ പോരാട്ടങ്ങളിലെ കണക്കുകൾ
ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഫ്രാൻസും അർജന്റീനയും നോക്ക്ഔട്ട് ഘട്ടത്തിൽ ഏറ്റുമുട്ടുന്നത്അർജന്റീനയും ഫ്രാൻസും തമ്മിൽ 12 തവണയാണ് ഇതിനു മുൻപ് പരസ്പരം ഏറ്റുമുട്ടിയിട്ടുള്ളത്..ആറു വിജയങ്ങളുമായി കണക്കുകളിൽ അർജന്റീന മുന്നിട്ടു നിൽക്കുന്നു..രണ്ടു വിജയം മാത്രമാണ് ഫ്രഞ്ച് പടയ്ക്ക് നേടാനായിട്ടുള്ളത്.12 കളികളിൽ എട്ടു തവണയും അർജന്റീനൻ വല കുലുക്കാൻ ഫ്രാൻസിനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്…
അവസാനമായി കളിച്ച രണ്ടു സൗഹൃദ മത്സരങ്ങളിലും അർജന്റീനയ്ക്കായിരുന്നു വിജയം…


ലോകകപ്പ് വേദികളിൽ അവസാനമായി കളിച്ച എട്ടു മത്സരങ്ങളിലും സൗത്ത് അമേരിക്കൻ ടീമുകൾക്ക് മുന്നിൽ അടി തെറ്റിയിട്ടില്ലെന്നതാണ് ഫ്രാൻസിന് ആത്മവിശ്വാസം നൽകുന്ന ചരിത്രം.എന്നാൽ 1978 ലാണ് ഫ്രാൻസ് അവസാനമായി ഒരു സൗത്ത് അമേരിക്കൻ ടീമിനോട് തോൽക്കുന്നത്, അത് അർജന്റീനയോടായിരുന്നുവെന്നതാണ് രസകരമായ മറ്റൊരു വസ്തുത.
കണക്കുകകൾ ഇങ്ങനെയൊക്കെയാണെങ്കിലും കസാനിൽ മികച്ച പോരാട്ടം നടത്തുന്നവരായിരിക്കും റഷ്യൻ ലോകകപ്പിലെ ആദ്യ പ്രീക്വാർട്ടർ പോരാട്ടത്തിലെ വിജയി